കോഴിക്കോട്: പയ്യാനക്കലിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ മാതാവിന് മാനസിക അസ്വാസ്‌ഥ്യം ഉണ്ടായിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്. മന്ത്രവാദത്തിലും പ്രേതബാധയിലുമൊക്കെ യുവതി അന്ധമായി വിശ്വസിച്ചിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് കാരണവും അന്ധ വിശ്വാസമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.
രണ്ടു മാസം മുമ്പാണ് ആറ് വയസുകാരി ആയിശ റെനയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോസ്‌റ്റ്മോർട്ടത്തിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്‌തമായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ബന്ധുക്കളുടെ മൊഴി അനുസരിച്ച് പോലീസ് മാതാവ് സമീറയെ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ, തുടക്കത്തിൽ തന്നെ സമീറ മാനസിക അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇത് കേസിൽ നിന്ന് ഒഴിവാകാനുള്ള ശ്രമം ആണെന്നാണ് പോലീസ് സംശയിച്ചിരുന്നത്.
തുടർന്ന്, കോഴിക്കോട് കുതിരവട്ടത്തെ മാനസിക കേന്ദ്രത്തിൽ എത്തിച്ച് സമീറയെ പരിശോധന നടത്തിയിരുന്നു. എന്നാൽ, പരിശോധനയിൽ യുവതിക്ക് മാനസിക രോഗം ഇല്ലെന്നായിരുന്നു കണ്ടെത്തിയത്. തുടർന്ന് സംശയം തോന്നിയ പോലീസ് യുവതിയെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയായിരുന്നു. പിന്നീടാണ് കുട്ടിയെ കൊലനടത്തിയെന്ന വിവരം പുറത്തുവന്നത്. അതേസമയം, സമീറക്ക് മാനസിക അസ്വാസ്‌ഥ്യം ഉണ്ടെന്ന റിപ്പോർട് കേസിൽ പുതിയ വഴിത്തിരിവാണ്.
Read Also: മൈസൂരു കൂട്ടബലാൽസംഗം; പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കും


































