ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശനത്തിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. ഒരു വിഭാഗം നേതാക്കൾ പ്രശാന്തിനെതിരെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകി. പ്രശാന്തിന് കോൺഗ്രസ് പാരമ്പര്യവും സംസ്‌കാരവും അറിയില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളിൽ ചിലരുടെ ആക്ഷേപം.
ജനറൽ സെക്രട്ടറി, പ്രവർത്തക സമിതിയംഗം, അല്ലെങ്കിൽ രാഷ്‌ട്രീയ ഉപദേഷ്‌ടാവ് ഇതിൽ ഏതെങ്കിലുമൊരു പദവി കോൺഗ്രസിൽ പ്രശാന്തിന് ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്‌തമാവുകയാണ്. എഐസിസി പുനഃസംഘടനക്ക് മുന്നോടിയായി പ്രശാന്തിന്റെ പാർട്ടി പ്രവേശനം സംബന്ധിച്ച ചർച്ച ആരംഭിച്ചു കഴിഞ്ഞു. സംഘടന ജനറൽ സെക്രട്ടറി എസി വേണുഗോപാൽ മുതിർന്ന നേതാക്കളുടെയടക്കം അഭിപ്രായം തേടുന്നതിനിടെയാണ് പ്രശാന്ത് കിഷോറിനെതിരായ പടയൊരുക്കം.
പ്രശാന്ത് കിഷോർ ഇതുവരെ പാർട്ടിയുടെ ഭാഗമായിരുന്നില്ല. അങ്ങനെയൊരാളെ ഉയർന്ന പദവിയിൽ നിയോഗിക്കുന്നതിന് എന്ത് ന്യായീകരണം നൽകുമെന്നതാണ് നേതാക്കൾ ഉന്നയിക്കുന്ന പ്രധാന ചോദ്യം. ബിജെപിയുടെ വരവിന് സഹായിച്ചയാളെ കോൺഗ്രസ് നവീകരണ ചുമതല എങ്ങനെ ഏൽപിക്കാനാകുമെന്നും ചില നേതാക്കൾ ചോദിക്കുന്നു.
അതിനാൽ, കഴിവും അനുഭവസമ്പത്തുമുള്ള പാർട്ടിയിലെ നേതാക്കളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് നേതാക്കൾ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. അടുത്തിടെ കപിൽ സിബലിന്റെ വസതിയിൽ ചേർന്ന ഗ്രൂപ്പ് 23 നേതാക്കളുടെ യോഗവും പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനത്തെ എതിർത്തിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്റെ വേഷമഴിച്ചുവെച്ച പ്രശാന്ത് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
ഇതിനിടെ ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രശാന്ത് കിഷോറിനോട് നിർദ്ദേശങ്ങൾ തേടി കഴിഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായുള്ള പലവട്ട ചർച്ചകൾക്ക് ശേഷം പ്രാഥമിക നിർദ്ദേശങ്ങൾ പ്രശാന്ത് കിഷോർ നൽകുകയും ചെയ്‌തു.
Also Read: അസം ദേശീയോദ്യാനത്തിൽ നിന്നും രാജീവ് ഗാന്ധിയെ ‘വെട്ടും’







































