കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത് രണ്ടാഴ്ചക്ക് ശേഷം, താലിബാൻ രാജ്യത്ത് സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നു. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം താലിബാൻ സർക്കാർ രൂപീകരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഓഗസ്റ്റ് 15ന് കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. അവസാന യുഎസ് സൈനികനും അഫ്ഗാൻ വിട്ടതോടെ രാജ്യത്ത് സർക്കാർ രൂപീകരണ ചർച്ചകൾ വേഗത്തിലാക്കിയിരുന്നു.
താലിബാൻ പരമോന്നത നേതാവ് ഹൈബത്തുല്ല അബുൻസാദയായിരിക്കും ഭരണകൂടത്തിന്റെ തലവനെന്ന് താലിബാൻ സാംസ്കാരിക കമ്മീഷൻ അംഗം ബിലാൽ കരീമി പറഞ്ഞിരുന്നു. അബുൻസാദയുടെ മൂന്നു പ്രധാന അനുയായികളിൽ ഒരാളായ മുല്ലാ അബ്ദുൽ ഗനി ബറാദറിനായിരിക്കും സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാന്റെ ‘മുഖ’മായി അറിയപ്പെടുന്ന നേതാവാണു ബറാദർ.
സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്താൻ യുഎസ് സേനയുടെ പൂർണ പിൻമാറ്റത്തിനുള്ള കാത്തിരിപ്പിലായിരുന്നു താലിബാൻ. യുഎസിന്റെ പിൻവാങ്ങലോടെ താലിബാൻ ക്യാംപ് കൂടുതൽ ആവേശത്തിലാണെങ്കിലും കനത്ത വെല്ലുവിളിയാണു വരും നാളുകളിൽ താലിബാനെ കാത്തിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ദൂരീകരിക്കുക, രാജ്യത്തെ ആഭ്യന്തര കലാപങ്ങൾ നിയന്ത്രിക്കുക, ഐഎസ് ക്യാംപിന്റെ കടന്നുകയറ്റം തടയുക തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.
Most Read: എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി










































