മലപ്പുറം: മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം നടത്തിയ ഉപഭോക്താവിൽ നിന്ന് പിഴ ഈടാക്കി. 7.30 ലക്ഷം രൂപയാണ് പിഴയിട്ടത്. പുല്ലൂരിലാണ് സംഭവം. ക്രിമിനൽ കേസ് ഒഴിവാക്കാൻ കിലോ വാട്ടിന് 4,000 രൂപ തോതിൽ കോപൗണ്ടിങ് ഫീസും ഈടാക്കിയിട്ടുണ്ട്. വീട്ടുടമ കെഎസ്ഇബി ഓഫിസിൽ എത്തി പിഴയടച്ചു.
പുല്ലൂരിലെ ഉപഭോക്താവിന്റെ വീട്ടിൽ മഞ്ചേരി സെക്ഷൻ ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മീറ്റർ റീഡിങ്ങും കണക്റ്റഡ് ലോഡും തമ്മിലുള്ള വ്യത്യാസം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ക്രമക്കേട് കാണിച്ച് വ്യാപകമായി വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തുകയായിരുന്നു. അതേസമയം, ഇയാളിൽ നിന്ന് വീണ്ടും ക്രമക്കേട് കണ്ടെത്തിയാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
Read Also: മിസ്ക് രോഗലക്ഷണം; പാലക്കാട്ട് രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു








































