കാബൂൾ: തടവിലാക്കിയ മാദ്ധ്യമ പ്രവർത്തകനെ താലിബാൻ വിട്ടയച്ചു. മൂന്ന് മണിക്കൂറോളം തടവിൽ വച്ചതിന് ശേഷമാണ് താലിബാൻ ടോളോ ന്യൂസ് ക്യാമറാമാൻ വഹീദ് അഹ്മദിയെ വിട്ടയച്ചത്. വഹീദ് അഹ്മദിക്ക് അദ്ദേഹത്തിന്റെ ക്യാമറയും താലിബാൻ തിരികെ നൽകിയതായി ടോളോ ന്യൂസ് പറഞ്ഞു. ക്യാമറയിലെ ചിത്രങ്ങൾ ഒന്നും ഡിലീറ്റ് ചെയ്തിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നടന്ന പാകിസ്ഥാൻ വിരുദ്ധ പ്രക്ഷോഭങ്ങൾ റിപ്പോർട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമ പ്രവർത്തകരെ താലിബാൻ തടയുകയും അവരുടെ ക്യാമറകൾ പിടിച്ചെടുക്കുകയും ചെയ്തതായി അഫ്ഗാനിലെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനലായ ടോളോ ന്യൂസ് നേരത്തെ റിപ്പോർട് ചെയ്തിരുന്നു. അക്കൂട്ടത്തിൽ തങ്ങളുടെ ക്യാമറാമാൻ വഹീദും ഉണ്ടെന്ന് ചാനൽ അറിയിച്ചിരുന്നു.
വഹീദ് അഹ്മദിയുടെ മോചനത്തിനായി ടോളോ ന്യൂസ് ഹെഡ് ലോത്ത്ഫുല്ല നജഫിസാദ താലിബാനോട് അഭ്യർഥിച്ചിരുന്നു. മറ്റൊരു പ്രമുഖ അഫ്ഗാൻ ന്യൂസ് ചാനലായ അരിയാന ന്യൂസിന്റെ ഒരു മാദ്ധ്യമ പ്രവർത്തകനെയും താലിബാൻ തടഞ്ഞുവെച്ചിരുന്നു.
പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി നൂറുകണക്കിനാളുകളാണ് തെരുവില്‍ ഇറങ്ങിയത്. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന് ഇടപെടുന്നു എന്നാരോപിച്ചാണ് അഫ്ഗാനില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന് ആകാശത്തേക്ക് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
‘പാകിസ്ഥാന് തുലയട്ടെ, പാകിസ്ഥാന് പാവ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ട, പാകിസ്ഥാന് അഫ്ഗാൻ വിടുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. പാക് ചാര സംഘടനയായ ഐഎസ്ഐക്കെതിരെയും മുദ്രാവാക്യമുയര്‍ന്നു. കാബൂളിലെ പാക് എംബസിക്ക് മുന്നിലായിരുന്നു പ്രകടനം. സ്ത്രീകളടക്കമുള്ളവരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. കീഴടങ്ങാതെ പോരാടിയ പഞ്ച്ശീര്‍ പാകിസ്ഥാന്റെ സഹായത്തോടെയാണ് താലിബാന് പിടിച്ചെടുത്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Most Read: കർണാടകയിൽ പ്രാദേശിക തലത്തിൽ ജെഡിഎസുമായി സഖ്യത്തിന് ഒരുങ്ങി ബിജെപി







































