നിങ്ങൾ അൽഭുതങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ലോകം ചുറ്റി സഞ്ചരിക്കണം. അങ്ങനെ യാത്ര ചെയ്യുമ്പോൾ തീർച്ചയായും കാനഡയിലെ ആൽബെർട്ടയിലുള്ള ‘അബ്രഹാം തടാകം’ ഒരുതവണയെങ്കിലും കാണണം. കാരണം അത്രക്ക് അപൂർവമായ ഒരു പ്രതിഭാസമാണ് അബ്രഹാം തടാകം. ഒരു കൃത്രിമ തടാകമായ അബ്രഹാം തടാകം ആൽബെർട്ടയിലെ ഏറ്റവും വലിയ ജലസംഭരണിയാണ്.
തടാകത്തിന് മുകളിൽ കാണപ്പെടുന്ന തണുത്തുറഞ്ഞ കുമിളകളാണ് ഈ തടാകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും അൽഭുതവും. തണുത്തുറഞ്ഞ പ്രതലത്തിൽ കുടുങ്ങി, മീഥെയ്ൻ വാതകം പതുക്കെ നീങ്ങുകയും ഉരുകുകയും ചെയ്യുമ്പോൾ മനോഹരമായ വായു കുമിളകൾ സൃഷ്ടിക്കപ്പെടുന്നു. പിന്നീട് ഈ കുമിളകൾ തടാകത്തിന് മുകളിലായി മഞ്ഞു പാളിയിൽ കുടുങ്ങി തണുത്തുറഞ്ഞ് നിൽക്കുന്നു.
തടാകത്തിലെ സസ്യങ്ങളും മൃഗങ്ങളും അടിയിലേക്ക് താഴ്ന്ന് വെള്ളത്തിലെ ബാക്ടീരിയകളോട് പ്രതികരിക്കുമ്പോഴാണ് മീഥെയ്ൻ സൃഷ്ടിക്കപ്പെടുന്നത്. വെള്ളത്തിന് മുകളിലായി കുമിളകൾ തണുത്തുറഞ്ഞു നിൽക്കുന്നത് മനംകവരുന്ന കാഴ്ച തന്നെയാണ്.
1972ൽ ബിഗോൺ അണക്കെട്ടിനൊപ്പം, ഇപ്പോൾ ട്രാൻസ്ആൾട്ട എന്നറിയപ്പെടുന്ന പഴയ കാൽഗറി പവർ കമ്പനിയാണ് അബ്രഹാം തടാകം നിർമിച്ചത്. തടാകത്തിന്റെ ഏറ്റവും സവിശേഷമായ ഒരു കാര്യം ശൈത്യകാലത്തും വേനൽക്കാലത്തും ഇത് ഒരുപോലെ മനോഹരമാണ് എന്നതാണ്.
Most Read: ‘വെള്ള’ വസ്ത്രങ്ങളുടെ ശോഭ കെടാതിരിക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ







































