കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം എതിർത്ത് സർക്കാർ. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം രാഷ്‌ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായിട്ടാണ് നടക്കുന്നതെന്നും സർക്കാർ വിശദീകരണം നൽകി.
സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിനെതിരായ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ബാങ്കിലെ മുൻ ജീവനക്കാരൻ നൽകിയ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണയിലുള്ളത്. ഫലപ്രദമായ അന്വേഷണമാണ് തുടരുന്നതെന്നും ബാങ്കിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജീവനക്കാരൻ സ്‌ഥാപിത താൽപര്യങ്ങളോടെയാണ് ഹരജിയുമായി സമീപിച്ചതെന്നും സർക്കാർ മറുപടി നൽകി.
അതേസമയം, ബാങ്കിൽ നിന്ന് ലോൺ എടുത്ത എല്ലാവരുടെയും മൊഴി എടുക്കാനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചു. പ്രതി ചേർത്ത ഭരണസമിതി അംഗങ്ങൾക്കെതിരെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനും വ്യാജ ലോണുകൾ കണ്ടെത്തുന്നതിനുമാണ് നടപടി.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്ത മുഴുവൻ ആളുകളുടെയും മൊഴികൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ലോണുമായി ബന്ധപ്പെട്ട് ബാങ്കിലുള്ള രേഖകളും ലോൺ എടുത്ത വ്യക്‌തിയുടെ കയ്യിലുള്ള രേഖകളും പരിശോധിക്കും. എല്ലാ രേഖകളും പരിശോധിക്കുന്നതോടെ ഉടമ അറിയാതെ കൂടുതൽ ലോൺ എടുത്തിട്ടുണ്ടോ എന്നത് വ്യക്‌തമാകുമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. വ്യാജ ലോണുകളുടെ വ്യാപ്‌തി കണ്ടെത്തുന്നതോടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത് വന്നേക്കാം.
ലോൺ അനുവദിച്ച രേഖകളിൽ ഭരണ സമിതി അംഗങ്ങൾ ഒപ്പിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. തട്ടിപ്പിന്റെ വ്യാപ്‌തി കണക്കിലെടുത്താവും 12 ഭരണസമിതി അംഗങ്ങൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കൂ. കേസിലെ അഞ്ചാം പ്രതി കിരൺ ഇപ്പോഴും ഒളിവിലാണ്.
Most Read: ‘കോവിഡ് കാലത്ത് പരീക്ഷ നടത്തി സർക്കാരിന് പരിചയമുണ്ട്, കോടതിയെ അറിയിക്കും’; മന്ത്രി







































