ഗുവാഹത്തി: ത്രിപുരയില്‍ മാദ്ധ്യമ സ്ഥാപനത്തിന്റെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ നാല് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നാണ് പരാതി. ‘പ്രതിബാദി കലാം’ ദിനപത്രത്തിന്റെ ഓഫിസിന് നേരെയാണ് ആക്രമണം നടന്നത്.
പ്രതിബാധി കലാമിന്റെ ഓഫിസിലെ രേഖകളും ഉപകരണങ്ങളും നശിപ്പിക്കുകയും ബൈക്കുകളും കാറുകളും അഗ്നിക്കിരയാക്കുകയും ചെയ്തതായി പ്രതിബാദി കലാം എഡിറ്ററും പബ്ളിഷറുമായ അനല്‍ റോയ് ചൗധരി നല്കിയ പരാതിയില്‍ പറയുന്നു.
“നാലോളം മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എല്ലാ രേഖകളും കമ്പ്യൂട്ടറുകളും സിസിടിവി ക്യാമറകളും നശിപ്പിച്ചു. അതേസമയം പോലീസ് സംഘം നിശബ്ദരായി നിന്നു. ലാത്തിയും മൂര്‍ച്ചയുള്ള ആയുധവുമായാണ് ഗുണ്ടകള്‍ ഓഫിസിലെത്തിയത്. ഞങ്ങളുടെ മാദ്ധ്യമ പ്രവര്‍ത്തകനായ പ്രസന്‍ജിത് സാഹക്ക് തലയുടെ പിറകില്‍ മുറിവേറ്റു. പരിക്ക് ഗുരുതരമാണ്” -ചൗധരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പത്ര സ്ഥാപനത്തിന് നേരെ നടന്ന അതിക്രമത്തില്‍ 12 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഗര്‍ത്തല പ്രസ് ക്ളബ് സെക്രട്ടറി പ്രണബ് സര്‍ക്കാര്‍ പറഞ്ഞു. ബിജെപി -സിപിഎം സംഘര്‍ഷത്തെ തുടർന്ന് ബുധനാഴ്ച്ച വന്‍ അക്രമ സംഭവങ്ങള്‍ക്കാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അക്രമികൾ തീയിട്ട് നശിപ്പിച്ചിരുന്നു.
Read also: ജയിൽ ചാടിയ തടവുകാരുടെ കുടുംബങ്ങൾ അറസ്റ്റിൽ; ഇസ്രയേലിന്റെ സമ്മർദ്ദ തന്ത്രം








































