ജറുസലേം: ഇസ്രയേലിലെ ഗില്‍ബോവ ജയിലില്‍ നിന്നും രക്ഷപ്പെട്ട പലസ്‌തീൻ തടവുപുള്ളികളുടെ കുടുംബത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രക്ഷപ്പെട്ടവരെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി തിരികെ കൊണ്ടു വരാനാണ് പോലീസ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെസ്‌റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെയാണ് ജയില്‍. ഭീകരവാദമടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട പലസ്‌തീന്‍ വംശജരാണ് ഇവിടത്തെ തടവുകാരിലേറെയും.
രക്ഷപ്പെട്ടവരില്‍ നാല് പേര്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ്. പ്രത്യേക തടവിന് വിധിക്കപ്പെട്ട് കഴിയുന്നയാളാണ് മറ്റൊരാള്‍. വിചാരണ കഴിഞ്ഞ് ശിക്ഷാ വിധി കാത്തിരിക്കുന്നയാളാണ് ആറാമന്‍. അല്‍ അഖ്‌സ ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായ സക്കരിയ സുബൈദി അടക്കമുള്ളവരാണ് രക്ഷപ്പെട്ടത്. ഇസ്രയേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് സക്കരിയ. ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് സാഹസികമായാണ് ഇവര്‍ രക്ഷപ്പെട്ടത്.
വയലില്‍ അസാധാരണമായ കുഴി കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മറ്റ് പലസ്‌തീന്‍ തടവുകാരെ കൂടുതല്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തങ്ങളുടെ മക്കള്‍ രക്ഷപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും അതേസമയം അവരുടെ വിവരങ്ങള്‍ അറിയാത്തതിനാല്‍ ആശങ്കയുണ്ടെന്നുമാണ് ജയില്‍ ചാടിയവരുടെ മാതാപിതാക്കള്‍ പറയുന്നത്.
Read also: ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; വിവരം നൽകുന്നവർക്കുള്ള തുക ഇരട്ടിയാക്കി