ഡെൽഹി: ധൻബാദ് ജഡ്‌ജ് ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാരിതോഷിക തുക ഇരട്ടിയാക്കി സിബിഐ. കേസിൽ തുമ്പൊന്നും ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് പത്തു ലക്ഷം രൂപ നൽകുമെന്ന് സിബിഐ പ്രഖ്യാപിച്ചത്.
കേസിൽ തുമ്പുണ്ടാക്കുന്നവർക്ക് ആഗസ്റ്റ് പതിനഞ്ചിന് അഞ്ചു ലക്ഷം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്. കേസിലെ മെല്ലെപോക്കിൽ അന്വേഷണ ഏജൻസിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജൂലൈ 28നാണ് ധൻബാദ് ജഡ്‌ജ് ഉത്തം ആനന്ദ് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്.
രാവിലെ നടക്കാന്‍ പോയ അദ്ദേഹത്തെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. വാഹനാപകടമാണെന്ന നിഗമനത്തിൽ ആദ്യം എത്തിയിരുന്നെങ്കിലും, സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കിയതാണെന്ന് കണ്ടെത്തുകയായിരുന്നു. രക്‌തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന ഉത്തം ആനന്ദിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ധന്‍ബാദിലെ മാഫിയാ സംഘം നടത്തിയ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്‌ജിയായിരുന്നു ഉത്തം ആനന്ദ്. ബിജെപി എംഎല്‍എ പ്രതിയായ ഒരു കൊലക്കേസും അദ്ദേഹത്തിന്റെ ബെഞ്ച് പരിഗണിച്ചിരുന്നു. അദ്ദേഹം കൈകാര്യം ചെയ്‌ത കേസുമായി ബന്ധപ്പെട്ട പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസ് ആഗസ്റ്റ് നാലു മുതൽ സിബിഐ ഏറ്റെടുക്കുകയായിരുന്നു.
Must Read: പ്രകോപനപരമായ പ്രഭാഷണങ്ങൾ വേണ്ട; കാസർഗോഡ് കേന്ദ്ര സർവകലാശാല സർക്കുലർ