കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സിക്ക് ഇന്ന് ആദ്യ മൽസരം. കൊല്‍ക്കത്തയില്‍ ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന മൽസരത്തില്‍ ആര്‍മി റെഡ് എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളി. ഗ്രൂപ്പ് ഡി യിലെ ആദ്യ കളിയില്‍ അസം റൈഫിള്‍സിനെ തോല്‍പ്പിച്ച ആത്മ വിശ്വാസത്തിലാണ് ആര്‍മി റെഡ് എത്തുന്നത്.
എന്നാൽ, കിരീടം നിലനിർത്താമെന്ന പ്രതീക്ഷയുമായാണ് ഗോകുലത്തിന്റെ വരവ്. വിദേശ താരം അമിനോ ബൗബാ, മുഹമ്മദ് ജാസിം, ദീപക് സിംഗ് തുടങ്ങിയവരിലാണ് പ്രതിരോധ നിരയുടെ ചുക്കാന്‍. മലയാളി താരം എമില്‍ ബെന്നി, ക്യാപ്റ്റന്‍ ഷരീഫ് എന്നിവര്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കും. മുന്നേറ്റത്തിൽ എല്‍വിസ് ചിക്കത്താറ, റഹീം ഒസുമാനു, ജിതിന് എംഎസ് എന്നിവര്‍ കൂടി ചേരുന്നതോടെ ടീം സന്തുലിതമായി.
അതേസമയം, ഇന്നലെ നടന്ന മൽസരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് ജയത്തോടെ അരങ്ങേറി. മറുപടിയില്ലാത്ത ഒരു ഗോളിന് ഇന്ത്യന്‍ നേവിയെയാണ് ബ്ളാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. രണ്ടാം പകുതിയില്‍ ഉറുഗ്വേ താരമായ അഡ്രിയാന്‍ ലൂണയാണ് പെനാല്‍റ്റിയിലൂടെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പിലെ അടുത്ത മൽസരത്തില്‍ ബ്ളാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിടും.
Read Also: ‘തലൈവി’; ചില രംഗങ്ങൾ മാറ്റണമെന്ന് അണ്ണാ ഡിഎംകെ










































