ചെന്നൈ: അന്തരിച്ച സംഗീതജ്ഞൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് സ്‌മാരകം നിർമ്മിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മകൻ എസ്.പി ചരൺ. എസ്.പി ബിയുടെ സംസ്‌ക്കാര ചടങ്ങുകൾ നടന്ന ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ തന്നെ സ്‌മാരകം പണിയാനാണ് ആലോചന. ഇക്കാര്യത്തിൽ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സർക്കാരുകളുമായി ആലോചിച്ച് രൂപരേഖ തയ്യാറാക്കുമെന്നും എസ്.പി ചരൺ പറഞ്ഞു.
ആരാധക ലോകത്തിന്റേയും സംഗീത പ്രേമികളുടേയും പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി സെപ്റ്റംബർ 25നാണ് എസ്.പി.ബി എന്ന അതുല്യ പ്രതിഭ യാത്രയായത്. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്ക് 1.04ന് ആയിരുന്നു അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ ഏഴോടെ കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നില്ല.
Kerala News: സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍: പോലീസിനെ മടക്കി അയച്ചു
ഇന്നലെ ചെന്നൈക്ക് സമീപം താമരപ്പാക്കത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം നടന്നു. അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. സംസ്‌ക്കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. മകൻ എസ്.പി ചരൺ അന്ത്യകർമങ്ങൾ നിർവഹിച്ചു. ഉച്ചക്ക് 12.30ഓടെയാണ് മൃതദേഹം സംസ്‌കരിച്ചത്.






































