ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ നിയന്ത്രണ വിധേയമാകുമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ. ഡെൽറ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്ന് എൻസിഡിസി ഡയറക്ടർ സുജിത് സിങ് പറഞ്ഞു.
രോഗവ്യാപനം ഉയർന്ന തോതിലായിരുന്ന കേരളത്തിലും കേസുകൾ കുറയുന്നത് ശുഭസൂചന ആണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക പരമപ്രധാനമാണെന്നും സുജിത് സിങ് വ്യക്തമാക്കി. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു.
മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് നേരത്തെ റിപ്പോർട് വന്നിരുന്നു. സിറോ സർവേയുടെ അടിസ്ഥാനത്തിൽ ആയിരുന്നു റിപ്പോർട്. സിറോ സർവേയിൽ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ വർധന റിപ്പോർട് ചെയ്തു. 24 മണിക്കൂറിനിടെ 30,570 പേർക്ക് രോഗം സ്ഥിരീകരിച്ചു. 431 പേർ മരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 12.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 38,303 പേർ രോഗമുക്തി നേടി. ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നര ലക്ഷമായി കുറഞ്ഞു.
Kerala News: പാലാ ബിഷപ്പ് വർഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ല; സുരേഷ് ഗോപി







































