തിരുവനന്തപുരം : സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സ്ത്രീകള്‍ക്ക് പിന്തുണയുമായി നടനും എഴുത്തുകാരനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയതിനാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഉള്ള മൂന്ന് സ്ത്രീകള്‍ വിജയ് പി നായരെ താമസസ്ഥലത്ത് വച്ച് കയ്യേറ്റം ചെയ്തത്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരാണ് യൂട്യൂബില്‍ സ്ത്രീകളെ പറ്റി അശ്ലീലം പറഞ്ഞ ആളെ കയ്യേറ്റം ചെയ്തത്.
ഞരമ്പ് രോഗത്തിന് മരുന്നുമായി മൂന്ന് സ്ത്രീകള്‍ എന്നിങ്ങനെയാണ് പോസ്റ്റ് തുടങ്ങുന്നത്. സ്ത്രീകള്‍ക്ക് നേരെ വ്യക്തിഹത്യയും, അശ്ലീലവും ആഭാസവും പറയുന്നവര്‍ക്ക് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞു കിടക്കുമ്പോള്‍ ജനം നിയമം കയ്യിലെടുക്കുന്നതിനെ എങ്ങനെ കുറ്റം പറയുമെന്നും അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. നിയമം കണ്ണുംപൂട്ടി ഇരിക്കുമ്പോൾ ജനം നിയമം നടപ്പിലാക്കുമെന്നും ഇങ്ങനെയാണ് ജനകീയ കോടതികള്‍ രൂപപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ നിരവധി ആളുകള്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഉള്ള മൂന്ന് സ്ത്രീകള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ഇത്തരം ചുട്ട മറുപടി നല്‍കേണ്ടത് ഇക്കാലത്ത് വളരെ അത്യാവശ്യമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
Read also : കർഷകരെ അടിമകളാക്കാൻ ഗൂഢാലോചന; രൺദീപ് സിംഗ് സുർജേവാല







































