ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോളും ഇടക്കാല ജാമ്യവും ലഭിച്ച തടവുപുള്ളികള്‍ ജയിലുകളിലേക്ക് മടങ്ങേണ്ടി വരും. കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ല. സുപ്രീം കോടതി വെള്ളിയാഴ്‌ച കേസ് പരിഗണിച്ചപ്പോള്‍ ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സ്‌റ്റേ ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇന്ന് ഇറങ്ങിയ ഉത്തരവില്‍ സംസ്‌ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ച കാര്യം വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും സ്‌റ്റേയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് ഹരജിക്കാരന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ നല്‍കി.
കോടതിയില്‍ ജഡ്‌ജിമാര്‍ വാക്കാല്‍ പറഞ്ഞ സ്‌റ്റേ ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷ തിങ്കളാഴ്‌ച കോടതിയില്‍ മെന്‍ഷന്‍ ചെയ്‌തേക്കും. ഉത്തരവ് ഭേദഗതി ചെയ്യാന്‍ കോടതി തയ്യാറായില്ല എങ്കില്‍ തടവുപുള്ളികള്‍ക്ക് ജയിലുകളിലേക്ക് മടങ്ങേണ്ടി വരും.
ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തൃശൂര്‍ സ്വദേശി രഞ്‌ജിത്താണ് കേരളത്തിലെ കോവിഡ് സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. നിലവില്‍ ജയിലിലേക്ക് മടക്കി അയക്കുന്നത് വധശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്ന് രഞ്‌ജിത്തിന് വേണ്ടി ഹാജരായ ദീപക് പ്രകാശ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ന്ന് ആണ് കോടതി സംസ്‌ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
Must Read: കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിലേക്ക്; റിപ്പോർട്










































