കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി തേവർമലയിലെ വീട്ടമ്മയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം. ഈ മാസം 26 ശനിയാഴ്‌ച വൈകിട്ട് നാല് മണിക്കാണ് തേവർമലയിലെ വീട്ടിൽ നിന്ന് വീട്ടമ്മയെ കാണാതായത്. തുടർന്ന്, നാട്ടുകാരും പോലീസും ഡോഗ് സ്‌ക്വാഡും രണ്ടു ദിവസമായി നടത്തുന്ന തിരച്ചിൽ തുടരുകയാണ്. എന്നാൽ വീട്ടമ്മയെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
ഇന്നലെ രാവിലെ മുതൽ കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ മൂന്ന് പോലീസ് ഡോഗ് സ്‌ക്വാഡുകൾ സ്‌ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. അതേസമയം, ഞായറാഴ്‌ച നടത്തിയ തിരച്ചിലിലും ഇന്നലെ നടത്തിയ തിരച്ചിലിലും തേവർമലയിലെ വീട്ടിൽ നിന്ന് മണം പിടിച്ച് സഞ്ചരിച്ച മൂന്ന് പോലീസ് നായകളും കോടഞ്ചേരി തെയ്യപ്പാറ റോഡിലെ സിക്ക് വളവുവരെ എത്തിയിരുന്നു. ഈ ഭാഗങ്ങളിൽ കൂടുതൽ തിരച്ചിൽ നടത്താനാണ് പോലീസിന്റെ തീരുമാനം.
പയ്യോളി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഡോഗ് സ്‌ക്വാഡാണ് തിരച്ചിലിന് എത്തിയത്. അതേസമയം, വീട്ടമ്മയ്‌ക്കായുള്ള അന്വേഷണം ഇന്നും തുടരും. എസ്‌ഐമാരായ സിജി ബെന്നി, സിപി സാജു, സിവിൽ പോലീസ് ഓഫിസർമാരായ ഡിനോയി മാത്യു, സനിൽകുമാർ, കെ ബിനീഷ്, എൻഎം ജിനു പീറ്റർ, കെ റജി, വിപിൻ ദാസ്, ഷിനോസ് കുമാർ എന്നിവരാണ് തിരച്ചിലിൽ നേതൃത്വം നൽകുന്നത്. നാട്ടുകാരും ഇവർക്കൊപ്പം തിരച്ചിലിൽ നടത്തുന്നുണ്ട്.
Read Also: മഴ ശക്‌തമാകുന്നു; സംസ്‌ഥാനത്തെ അലർട്ടുകളിൽ മാറ്റം






































