കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലം മേഖലയിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നതായി പരാതി. അഞ്ചും പത്തും നായകൾ ചേർന്ന കൂട്ടമായാണ് ഇവ ഈ പ്രദേശത്ത് ഭീതി വിതച്ച് അലഞ്ഞു നടക്കുന്നത്. ഇവയുടെ കൂട്ടത്തിൽ പേപ്പട്ടികളും ഉള്ളത് ആളുകളെ കൂടുതൽ ആശങ്കയിലാക്കുകയാണ്.
തൊട്ടിൽപ്പാലം അങ്ങാടിയിൽ കഴിഞ്ഞ ദിവസം 4 പേരെയാണ് പേപ്പട്ടി കടിച്ചത്. കൂടാതെ കടത്തിണ്ണകളിൽ പുലർച്ചെ ഇറക്കിയിടുന്ന പത്രങ്ങൾ കടിച്ചുകീറി നശിപ്പിക്കുന്നതും നിലവിൽ പതിവാണ്. ഇതോടെ വലിയ സാമ്പത്തിക നഷ്‌ടമാണ് ഉണ്ടാകുന്നതെന്ന് പത്ര ഏജന്റുമാർ വ്യക്‌തമാക്കുന്നുണ്ട്.
തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ പ്രഭാത സവാരിക്കായി എത്തുന്നവർക്ക് നായകളുടെ ആക്രമണം വലിയ ഭീഷണിയാകുന്നുണ്ട്. മിക്കവരും ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. കൂടാതെ കഴിഞ്ഞ ദിവസം തൊട്ടിൽപ്പാലം ഡിപ്പോയിൽ എത്തിയ ബസിന് ചുറ്റും നായകൾ കൂട്ടമായി തമ്പടിച്ചതോടെ യാത്രക്കാർക്കും ജീവനക്കാർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത സ്‌ഥിതിയും ഉണ്ടായിരുന്നു. നായകളുടെ ശല്യം രൂക്ഷമാകുമ്പോഴും അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ വ്യക്‌തമാക്കുന്നത്.
Read also: തറയിൽ ഫിനാൻസ് കേസ്; ക്രൈം ബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും


































