പൊന്നാനി: ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുപി പോലീസ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പൊന്നാനിയിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ചമ്രവട്ടം ജങ്ഷനിൽ നടന്ന പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് ഉൽഘാടനം ചെയ്തു.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടിയിടിച്ച് കയറ്റി, രണ്ടുപേരെ കൊന്ന സംഭവത്തിന്റെ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ് പ്രിയങ്ക. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനാണ് ഇന്നലെ പ്രിയങ്ക കാൽനടയായി ലഖിംപൂരിലേക്ക് പോയത്. യാത്രാമധ്യേ ഇവരെ യുപി പൊലീസ് തടയുകയും 30 മണിക്കൂര്‍ നീണ്ട കസ്റ്റഡിയിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. ശേഷം ഇന്നാണ് പ്രയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രിയങ്ക ഗാന്ധി നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. സീതാപുരിലെ ഹര്‍ഗാവിലെ ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തിൽ നരേന്ദ്ര മോദിയോട്, പ്രിയങ്ക ചില ചോദ്യങ്ങൾ ട്വിറ്റർ വഴി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപി പോലിസ് പ്രയങ്കയെ അറസ്റ്റ് ചെയ്തത്. വാഹനം കർഷകർക്കിടയിലേക്ക് ഇടിച്ച് കയറ്റുന്നതിന്റെ വീഡിയോ തിങ്കളാഴ്ച പുറത്ത് വന്നിരുന്നു. ഇതും ടാഗ് ചെയ്താണ് മോദിയോട് പ്രിയങ്ക ചോദ്യങ്ങൾ ഉന്നയിച്ചത്.
‘നരേന്ദ്രമോദി സര്, നിങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ 28 മണിക്കൂറുകളായി ഒരു ഉത്തരവോ എഫ്ഐആറോ ഇല്ലാതെ എന്നെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ഭക്ഷ്യദാതാവിനെ വണ്ടിയിടിച്ചു കൊന്ന വ്യക്തിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ട്?‘ എന്നാണ് പ്രിയങ്ക ട്വീറ്ററില്‍ കുറിച്ചത്. ഇതിന് ശേഷമാണ് ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന ‘എഫ്ഐആർ‘ ചമച്ച് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്.

ഈ പശ്ചാത്തലത്തിലാണ് പൊന്നാനിയിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. എം അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തിൽ ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, എൻപി നബീൽ, പ്രദീപ് കാട്ടിലായിൽ, എ ജയപ്രകാശ്, യു മുഹമ്മത് കുട്ടി, സി ജാഫർ എന്നിവർ പ്രസംഗിച്ചു.
Most Read: പ്രിയങ്ക അറസ്റ്റിൽ; സീതാപൂരിലെ പോലീസ് ഗസ്റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി








































