കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് സമീപമുള്ള എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം ഉണ്ടായത്. തുടർന്ന് പുലർച്ചെ രണ്ടരയോടെയാണ് തീയണയ്‌ക്കാനായത്. ആദ്യം വെള്ളം അടിച്ച് തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും പടർന്നതോടെയാണ് അക്വാ ഫിലിം ഫോം ഉപയോഗിച്ച് തീ അണയ്‌ക്കാനുള്ള ശ്രമം തുടർന്നത്. ഏകദേശം ഒരു കോടിയിലേറെ രൂപയുടെനാശനഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക വിവരം.
ഗൾഫ് ഓയിലിന്റെ വിതരണക്കാരായ എബിആർ മാർക്കറ്റിങ് ഗ്രൂപ്പിന്റെതാണ് സ്‌ഥാപനം. തീ പടർന്നതോടെ കന്നാസുകളിലും ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന ഓയിൽ പരന്നൊഴുകുകയായിരുന്നു. നരിക്കുനിയിൽ നിന്ന് സ്‌റ്റേഷൻ ഓഫിസർ കെപി ജയപ്രകാശിന്റെ നേതൃത്വത്തിൽ ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യൂണിറ്റ് അഗ്‌നി രക്ഷാ സേനാംഗങ്ങൾ സ്‌ഥലത്തെത്തിയാണ് തീ അണയ്‌ക്കാനുള്ള ശ്രമം നടത്തിയത്.
തീപിടുത്തം ആദ്യം കണ്ടത് സ്‌ഥാപനത്തിലെ സുരക്ഷാ ജീവനക്കാരാണ്. തുടർന്ന് ഇവർ നാട്ടുകാരെയും, അഗ്‌നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. കൂടാതെ പൊട്ടിത്തെറി സാധ്യത കണക്കിലെടുത്ത് മുൻകരുതലെന്ന നിലയിൽ സമീപത്തെ താമസക്കാരോട് മാറാൻ പോലീസ് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
Read also: കോവിഡ് മരണം; ജില്ലയിൽ വിതരണം ചെയ്യേണ്ടത് ഏഴരക്കോടി രൂപ


































