കോഴിക്കോട്: അപകടം പറ്റി റോഡിൽ കിടക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കാനും പരിചരിക്കാനും മനസിൽ അൽപം ദയ വേണം. എന്നാൽ, വഴിയിൽ പരസഹായം കാത്തു കിടക്കുന്നത് ഏതെങ്കിലും ഒരു മിണ്ടാപ്രാണി ആണെങ്കിൽ അവയെ സഹായിക്കാൻ അൽപമല്ല ഒരുപാട് നൻമയും കരുണയും ദയയും വേണം.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ വണ്ടി ഇടിച്ച് വഴിയരികിൽ അവശനിലയിൽ കിടന്ന തെരുവ് നായക്ക് രക്ഷകരായി എത്തിയ രണ്ട് സ്‌ത്രീകൾ അത്തരത്തിൽ മനസിൽ ഒരുപാട് നൻമയുള്ളവരാണ്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സംഭവം. പൂർണ ഗർഭിണിയായ നായ വണ്ടിയിടിച്ച് ഗുരുതരാവസ്‌ഥയിൽ കിടക്കുന്നത് കണ്ട നാട്ടുകാർ ഈ വിവരം വിവിധ മൃഗാശുപത്രികളിൽ അറിയിച്ചു. എന്നാൽ ചികിൽസ കഴിഞ്ഞാൽ നായയെ കൊണ്ടു ചെന്നയാൾ തന്നെ ഏറ്റെടുക്കണമെന്ന വ്യവസ്‌ഥ കാരണം ആരും മുന്നോട്ട് വന്നില്ല.
ഒടുവിൽ കോഴിക്കോട് സ്വദേശികളായ പ്രിയയും സലുഷയും എത്തിയാണ് നായയെ ആശുപത്രിയിലേക്ക് മാറ്റിയത്. തെരുവ് നായകളെ സംരക്ഷിക്കുന്ന സംഘടനയിൽ അംഗങ്ങളാണ് ഇരുവരും. ചികിൽസ കഴിഞ്ഞെങ്കിലും പൂർണ ഗർഭിണിയായ നായയെ വഴിയിലുപേക്ഷിക്കാൻ ഇവർക്ക് മനസ് വന്നില്ല. സ്വന്തം വീട്ടിൽ കൊണ്ടുപോകാമെന്ന് കരുതിയെങ്കിലും അവിടെ അതിനുള്ള സ്‌ഥലം ഇല്ലാത്തതിനാൽ അവർ മറ്റൊരു മാർഗം കണ്ടെത്തി.
ഒരു പഴയ കൂട് വിലക്ക് വാങ്ങി നഗരത്തിനടുത്ത് വളയനാട് ടൗണിൽ തന്നെ നായക്ക് താമസ സൗകര്യം ഒരുക്കി. നായക്ക് മൂന്ന് കുഞ്ഞുങ്ങളും പിറന്നു. നായക്കും കുഞ്ഞുങ്ങൾക്കും രണ്ട് നേരം മരുന്നും ഭക്ഷണവുമായി പ്രിയയും സലുഷയുമെത്തും. രക്ഷകരായെത്തിയ ഇരുവരോടും നായക്കും ഏറെ അടുപ്പമാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുണ്ടായിട്ടു പോലും യാതൊരു അക്രമ സ്വഭാവവും നായ കാണിക്കാറില്ല. അപകടം പറ്റുന്ന തെരുവ് നായകളെ കിടത്തി ചികിൽസിക്കാൻ വ്യവസ്‌ഥയില്ലാത്ത സംവിധാനത്തോടുള്ള ഇരുവരുടെയും പോരാട്ടം കൂടിയാണ് ഈ പ്രവർത്തി.
Most Read: രണ്ടുജോഡി വസ്‌ത്രവും അംബാസിഡർ കാറും; 17 വർഷമായി ജീവിതം കാടിനുള്ളിൽ








































