കോഴിക്കോട്: ബീച്ചിൽ നിർമിക്കുന്ന മലിനജല സംസ്കരണ പ്ളാന്റിന്റെ ആദ്യഘട്ട പ്രവ്യത്തികൾ ഈ മാസം തുടങ്ങും. 116.5 കോടി രൂപാ ചിലവിൽ ആവിക്കലിലും കോതിയിലുമാണ് മലിനജല സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്ളാന്റിന്റെ പ്രവർത്തികൾ നടത്തുന്നത്. പൈപ്പിട്ട് നെറ്റ്വർക്ക് ഒരുക്കുന്ന പണിയാണ് ആദ്യം ആരംഭിക്കുക. ഇതിനുള്ള സാധനസാമഗ്രികൾ എത്തിച്ചു തുടങ്ങി.
ആവിക്കലിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തീരസംരക്ഷണ നിയമപ്രകാരവുമുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ പദ്ധതിയുടെ തുടർ നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കും. എന്നാൽ, കൊതിയിൽ തീരസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയാണ് ഇനി ലഭിക്കേണ്ടത്. ഈ അനുമതി ലഭിച്ചാലുടൻ തുടർപ്രവൃത്തികൾ ആരംഭിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി കെയു ബിനി പറഞ്ഞു.
തീരമേഖലയിലെ 98,000 പേർക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. പ്ളാന്റ് വന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നാണ് അധികൃതർ പറയുന്നത്. കോതിയിൽ 59.77 കോടി, ആവിക്കലിൽ 56.38 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചത്. പ്ളാന്റ് നിർമിക്കാൻ മഹാരാഷ്ട്രയിലെ സീമാക് ഹൈടെക് പ്രോഡക്ട്സ്, പൈപ്പിടുന്നതിന് അഹമ്മദാബാദിലെ നാസിത് ഇൻഫ്രാസ്ട്രെക്ചർ എന്നീ കമ്പനികളാണ് ടെണ്ടർ എടുത്തത്.
Most Read: കേരളത്തിനും ഡബിൾ സെഞ്ച്വറി; ഡീസൽ വിലയും 100 കടന്നു





































