മലപ്പുറം: ഏലംകുളം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ ബൈക്കുകളിൽ എത്തി വഴിയാത്രക്കാരായ സ്ത്രീകളുടെ മാല കവർന്ന കേസുകളിൽ തെളിവെടുപ്പ് നടത്തി പോലീസ്. പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്.
കൊല്ലം അഞ്ചാലംമൂട് മുരുന്തൽ കൊച്ചഴിയത്ത് പാണായിൽ ശശി(44), ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല തറയിൽ ഉണ്ണിക്കൃഷ്ണൻ(31), കാവാലം നാരകത്തറ ചെങ്ങളത്തിൽ ദീപക്(49) എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 12ആം തീയതിയാണ് മലപ്പുറം പാണക്കാട് സ്കൂളിലെ അധ്യാപിക ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ചിത്രാലയ റോഡിൽ വച്ച് ബൈക്കിലെത്തിയ 2 പേർ മാല കവർന്നത്.
തുടർന്ന് ഫെബ്രുവരി 9ആം തീയതി ഏലംകുളം ബാങ്കിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീയുടെ മാലയും ബൈക്കിലെത്തിയ 2 പേർ കവർന്നിരുന്നു. ഈ രണ്ട് കേസുകളിലും ശശി, ഉണ്ണികൃഷ്ണൻ എന്നിവർ പ്രതികളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മോഷണ മുതൽ ആണെന്ന് അറിഞ്ഞിട്ടും ഇവരിൽ നിന്നും മാല വാങ്ങി വിൽപന നടത്തിയതിനാണ് ദീപക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Read also: കോഴിക്കോട് കെഎസ്ആർടിസി ബലക്ഷയം; സമഗ്ര അന്വേഷണം നടത്തും







































