കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ നാളെ മുതൽ നിക്ഷേപകരുടെ നിരാഹാര സമരം നടക്കും. പണം നഷ്‌ടപ്പെട്ട നിക്ഷേപകരാണ് നാളെ മുതൽ അഞ്ച് ദിവസം റിലേ സത്യാഗ്രഹം നടത്താൻ ഒരുങ്ങുന്നത്. ഇത് സൂചനാ പ്രതിഷേധമാണെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
സൊസൈറ്റിയുടെ ആസ്‌തി വിറ്റും കുറ്റക്കാരിൽ നിന്ന് ഈടാക്കിയും പണം നൽകാമെന്ന് സിപിഎം നേരത്തെ വ്യക്‌തമാക്കിയിരുന്നു. സൊസൈറ്റിയിലെ ക്രമക്കേട് സംബന്ധിച്ച് സിപിഎം ജില്ലാ- പ്രാദേശിക നേതാക്കൾ രണ്ടുതട്ടിലാണ്. പാർട്ടിയുടെ അനുമതിയില്ലാതെയാണ് ചിട്ടി നടത്തിയതെന്ന് ജില്ലാ നേതൃത്വം ആവർത്തിക്കുന്നു. എന്നാൽ, തങ്ങൾക്ക് ഇക്കാര്യം അറിയില്ലെന്നാണ് ലോക്കൽ സെക്രട്ടറിയുടെ പ്രതികരണം.
പാർട്ടിയുടെ അനുമതിയുണ്ടോ ഇല്ലയോ എന്ന ചർച്ചയല്ല വേണ്ടതെന്നും പണം എന്ന് തരാനാകുമെന്ന് വ്യക്‌തമാക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. ചിട്ടിപ്പണം വകമാറ്റി ശമ്പളത്തിന് ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയ സൊസൈറ്റി സെക്രട്ടറിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്‌ഥൻ രേഖപ്പെടുത്തും.
സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി 2017ലാണ് 876 പേരിൽ നിന്നായി ഒരുലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു ചിട്ടി. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി 85 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്നാണ് പരാതി.
Also Read: കല്‍ക്കരി ക്ഷാമം; മൂന്ന് താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയെന്ന് പഞ്ചാബ്









































