മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ കഴിഞ്ഞ ദിവസം ഫൈബർ വള്ളം കടലിൽ മറിഞ്ഞു കാണാതായ മൽസ്യ തൊഴിലാളികളായ മൂന്ന് പേരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഇടി മുഹമ്മദ് ബഷീർ എംപിയെത്തി.
പൊന്നാനിയില്‍ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ ബന്ധനത്തിന് പോയ തോണി, മന്ദലാംകുന്ന് തീരത്തു നിന്ന് 20 കിലോമീറ്റർ ഉൾക്കടലിൽ മറിഞ്ഞിരുന്നു. നാലു പേരാണ് ഫൈബര്‍ തോണി മറിയുമ്പോൾ അതിൽ ഉണ്ടായിരുന്നത്. ഇതിൽ ഹംസകുട്ടി എന്നയാളെ രക്ഷപ്പെടുത്തിയിരുന്നു. ലൈഫ് ജാക്കറ്റിട്ട് കടലിൽ ഒഴുകുന്നത് മറ്റു മൽസ്യ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത് ഹംസകുട്ടിക്ക് രക്ഷയായി. പൊന്നാനി മരക്കടവ് സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ഇവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനാണ് പൊന്നാനിയുടെ എംപി നേരിട്ട് എത്തിയത്. ഹെലികോപ്‌റ്ററും, രണ്ട് സുരക്ഷാ കപ്പലും നിലവിൽ തിരച്ചിൽ നടത്തുന്നുണ്ട്. ജില്ലാ കളക്‌ടറുമായി ഇദ്ദേഹം കൂടികാഴ്‌ച നടത്തുകയും തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുകയും ചെയ്‌തു. തിരച്ചിൽ കൂടുതൽ ഊർജിതമാക്കാൻ ആവശ്യമായ ഏത് നടപടികളും സ്വീകരിക്കാൻ ജില്ലാ കളക്‌ടറോട് എംപി നിർദ്ദേശിച്ചു.
മറിഞ്ഞ ഫൈബര്‍ വള്ളം കാണാതായ ബീരാന്റെ ഉടമസ്‌ഥതയിലുള്ളതാണ്. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ബാഫഖി തങ്ങൾ തങ്ങൾ, ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ്, യുത്ത് ലീഗ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ തങ്ങൾ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം അബ്‌ദുൾ ലത്തീഫ്, മുൻ നഗരസഭാ ചെയർമാൻ വിപി ഹുസൈൻ കോയ തങ്ങൾ തുടങ്ങിയവരും എംപിക്കൊപ്പം ഉണ്ടായിരുന്നു.
ഇടക്കിടെ കടൽ ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കൊച്ചിക്കും ബേപ്പൂരിനും ഇടയിൽ പൊന്നാനിയിൽ കോസ്‌റ്റ് ഗാർഡ് സ്‌റ്റേഷൻ ആരംഭിക്കുവാൻ കേന്ദ്ര-സംസ്‌ഥാന സർക്കാറുകളോട് ഇടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ എംപി എന്ന നിലയിൽ മുൻകൈ എടുക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
Most Read: നികുതി വെട്ടിപ്പ്; നേമം സോണൽ ഓഫിസ് കാഷ്യർ അറസ്‌റ്റിൽ








































