മലപ്പുറം: അയൽവാസി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനേഴുകാരി വീട്ടിലെ മുറിക്കുള്ളിൽ യൂട്യൂബ് നോക്കി പ്രസവിച്ചു. മലപ്പുറം കോട്ടയ്‌ക്കലിലാണ് സംഭവം. ഒക്‌ടോബർ 20ന് ആണ് ആരുടേയും സഹായമില്ലാതെ മുറിക്കുള്ളിൽ വെച്ച് യൂട്യൂബ് നോക്കി പെൺകുട്ടി പ്രസവിച്ചത്. തുടർന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചത്. പിന്നീടാണ് സംഭവം പുറത്തറിയുന്നത്.
അതേസമയം, അയൽവാസിയായ 21 കാരനാണ് പ്ളസ് ടു വിദ്യാർഥിയായ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കേസിൽ അയൽവാസിയായ 21 കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. യൂട്യൂബ് നോക്കിയാണ് പ്രസവ രീതികൾ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിൾക്കൊടി മുറിച്ചുമാറ്റുന്നതുൾപ്പടെ ചെയ്‌തതെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകി. പെൺകുട്ടിയും കുഞ്ഞും നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രണയം നടിച്ച് വിവാഹ വാഗ്‌ദാനങ്ങൾ നൽകിയാണ് പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പോക്‌സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഗർഭകാലത്ത് പെൺകുട്ടി രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയതായും വിവരമുണ്ട്. എന്നാൽ, ആശുപത്രി അധികൃതർ ഇനങ്ങനെയൊരു സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ല. സംഭവത്തിൽ ആശുപത്രികളിൽ നിന്ന് കൂടുതൽ വിഷശദീകരണം തേടുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.
പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവിന് കാഴ്‌ച വൈകല്യവും ഉണ്ട്. ഗർഭവും പ്രാസവും മറച്ചുവെക്കാൻ ഇവയെല്ലാം അനുകൂലമായെന്നാണ് ചൈൽഡ് വെൽഫെയർ അധികൃതരുടെ വിലയിരുത്തൽ. അതേസമയം, ഒറ്റയ്‌ക്കാണ് പ്രസവിച്ചതെന്ന പെൺകുട്ടിയുടെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
Most Read: കാര്‍ഷിക നിയമം; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പഞ്ചാബ്








































