റിയാദ്: സൗദി അറേബ്യയിൽ മദ്യത്തിനുള്ള നിരോധനം തുടരുമെന്ന് വ്യക്തമാക്കി അധികൃതർ. രാജ്യത്ത് എവിടെയും മദ്യ നിർമാണമോ വിൽപനയോ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ടൂറിസം കേന്ദ്രങ്ങളിൽ മദ്യപാനത്തിന് അനുമതി നൽകുമെന്ന നിലയിൽ സോഷ്യൽ മീഡിയ പ്രചാരണം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് സൗദി ടൂറിസം മന്ത്രാലയത്തിന്റെ അറിയിപ്പ്.
ഇത്തരമൊരു കാര്യത്തെ പറ്റി ആലോചിച്ചിട്ട് പോലുമില്ലെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. സൗദിയിൽ മദ്യപാനം ഗുരുതര കുറ്റമാണ്. പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. വിദേശികളാണെങ്കിൽ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തുകയും ചെയ്യും.
ടൂറിസ്റ്റുകൾക്കിടയിൽ നടത്തിയ സർവേ പ്രകാരം സൗദി അറേബ്യയിലെ മദ്യ നിരോധനത്തെ കുറിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സ്വദേശികളും വിദേശികളും ഉൾപ്പടെ അഞ്ച് കോടി പേർ അടുത്ത വർഷം രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഹോളിഡേ പാക്കേജുകളും പദ്ധതികളും ടൂറിസം മന്ത്രാലയം പ്രോൽസാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Also Read: കോഴിക്കോട് കുഞ്ഞുങ്ങളില്‍ ആര്‍എസ്വി രോഗം; ആരോഗ്യ വകുപ്പ് നടപടി തുടങ്ങി





































