അബുദാബി: കോവിഡ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആളുകൾ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി യുഎഇ. രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും മാസ്ക് ധരിക്കുന്നത് ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ഈ മാസം 21ആം തീയതി മുതൽ 100ൽ താഴെയാണ് പ്രതിദിന കോവിഡ് കേസുകൾ. എന്നാൽ കോവിഡ് വകഭേദങ്ങൾ ലോകത്തു നിലനിൽക്കുന്നിടത്തോളം മാസ്ക് ധരിക്കൽ, അകലം പാലിക്കൽ, കൈകൾ അണുവിമുക്തമാക്കൽ എന്നിവ ജീവിത ശൈലിയാക്കേണ്ടി വരുമെന്നാണ് അധികൃതർ നിർദ്ദേശിക്കുന്നത്.
യുഎഇയിൽ 2 കോടിയിലേറെ ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. 97.16 ശതമാനം ആളുകൾ ഒന്നാം ഡോസ് വാക്സിനും, 87 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്സിനും ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ സിനോഫാം, ഫൈസർ എന്നിവയുടെ ബൂസ്റ്റർ ഡോസ് വാക്സിനും രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്നുണ്ട്.
Read also: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്








































