കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിലെ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് കടയുടമകൾക്ക് നോട്ടീസ്. കെടിഡിഎഫ്‌സിയാണ് കടയുടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. അറ്റകുറ്റപണികൾ തുടങ്ങാനിരിക്കെ രണ്ട് ദിവസത്തിനകം കടകൾ ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
ഈ മാസം 31ന് നകം കെട്ടിടത്തിൽ നിന്നും മാറണമെന്നും നിലവിലുള്ള കരാർ റദ്ദാക്കുകയാണെന്നും നോട്ടീസിൽ പറയുന്നു. സമുച്ചയത്തിന്റെ നടത്തിപ്പിന് ആലിഫ് ബിൽഡേഴ്‌സ് കരാർ എടുക്കുന്നതിന് മുന്നേ തന്നെ കെട്ടിടത്തിനുള്ളിൽ ചെറിയ കടകൾ നടത്തി വരുന്നവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞാൽ ഇവർക്ക് ഇതേ സ്‌ഥലത്ത് വ്യാപാരം പുനരാരംഭിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നോട്ടീസിൽ പറയുന്നില്ല.
നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് വ്യാപാരികളുടെ തീരുമാനം. സ്‌ക്വയർ ഫീറ്റിന് 1800 രൂപാ നിരക്കിൽ മാസം തോറും ലക്ഷങ്ങൾ വാടക നൽകിയാണ് താഴെ നിലയിൽ അഞ്ച് കടകൾ പ്രവർത്തിക്കുന്നത്. കെടിഡിഎഫ്‌സിയും ആലിഫ് ബിൽഡേഴ്‌സും തമ്മിലുള്ള ഒത്തുകളിയാണ് ഈ നടപടി എന്നാണ് ആരോപണം ഉയരുന്നത്. വിഷയത്തിൽ കെടിഡിഎഫ്‌സി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.
Most Read: അവർ വഞ്ചകർ; ത്രിപുരയിലെ വിഎച്ച്പി ആക്രമണത്തിൽ രാഹുൽഗാന്ധി







































