ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ച ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്‌ഥലം വിട്ടുനൽകി മാതൃകയായി എടത്വാ സെയിന്റ് ജോർജ് ഫൊറോനാപള്ളി. തലവടി പഞ്ചായത്ത് ഏഴാംവാർഡ് കുതിരച്ചാൽ കെപി പൊന്നപ്പ(73)ന്റെ മൃതദേഹം സംസ്‌കരിക്കാനാണ് സ്‌ഥലം വിട്ടുനൽകിയത്.
ചക്കുളത്തുകാവിലെ ദുരിതാശ്വാസക്യാംപിൽ കഴിയുമ്പോഴാണു പൊന്നപ്പനു കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്‌ച പുലർച്ചെ 5.30നു മരിച്ചു. ഇദ്ദേഹത്തിന്റെ വീടു സ്‌ഥിതി ചെയ്യുന്ന പ്രദേശം വെള്ളക്കെട്ടായതിനാൽ ഇവിടെ സംസ്‌കാരം നടക്കില്ല.
തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗം കൊച്ചുമോൾ ഉത്തമനും ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തംഗം അജിത്ത്കുമാർ പിഷാരത്തും ചേർന്ന് എടത്വാ സെയിന്റ് ജോർജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യു ചൂരവടിയെ സമീപിച്ച് സംസ്‌കാരത്തിനായി അനുവാദം വാങ്ങുകയായിരുന്നു.
ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി ജോളി, എടത്വാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ജോർജ്, ജോളി മഠത്തിക്കളം, ബിജു കറുകയിൽ, കെഎം മാത്യു തകഴിയിൽ, യുവദീപ്‌തി പ്രവർത്തകരായ സിലിൻ, ജുവെൽ, അലക്‌സ്, ടിജിൽ എന്നിവർ സംസ്‌കാരത്തിന് നേതൃത്വം നൽകി. മുൻപും വീട്ടിൽ സ്‌ഥലമില്ലാതിരുന്ന രണ്ടു ഹിന്ദുമത വിശ്വാസികളുടെ സംസ്‌കാരത്തിനായി ചർച്ച് സ്‌ഥലം വിട്ടുനൽകിയിരുന്നു.
സരസമ്മയാണ് പൊന്നപ്പന്റെ ഭാര്യ. മക്കൾ: സന്തോഷ്, സതീശൻ, സന്ധ്യ. മരുമക്കൾ: ഷേർളി, രാജീവ്.
Most Read: ‘വംശനാശം എന്നത് വളരെ മോശം കാര്യമാണ്’; മനുഷ്യർക്ക് ഉപദേശവുമായി ദിനോസർ








































