വണ്ടൂർ: ഓട്ടോറിക്ഷയെ തട്ടിത്തെറിപ്പിച്ച് നിർത്താതെ പോയ കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. അമ്പലപ്പടി പുല്ലൂർ വളവിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അമിത വേഗത്തിൽ വന്ന കാർ ഓട്ടോയെ തട്ടിത്തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പോലീസ് കാർ വളഞ്ഞിട്ട് പിടിച്ചപ്പോഴാണ് വാഹനത്തിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
കാരാട് വെള്ളാമ്പുറം കാവുങ്ങൽ ഷെമീർ (36), എരഞ്ഞിമങ്ങാട് തെക്കെപുറം റമീസ് (30), ചന്തക്കുന്ന് മങ്ങാട്ടുവളപ്പിൽ സെയ്‌ഫുദ്ധീൻ (40) എന്നിവരെയാണ് പോലീസ് ഇൻസ്‌പെക്‌ടർ ഇ ഗോപകുമാർ അറസ്‌റ്റ് ചെയ്‌തത്. അതേസമയം, കാറിൽ ഉണ്ടായിരുന്ന ഒരാൾ ഓടിരക്ഷപെട്ടിരുന്നു. ഇയാളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. അമിതവേഗത്തിൽ നിയന്ത്രണം വിട്ട കാർ വാണിയമ്പലം സ്വദേശി പി സിയാദിന്റെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായി തകർന്നു. സിയാദിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും പൂർണമായി തകർന്നിരുന്നു. കൂടാതെ, ടയർ പഞ്ചറും ആയിരുന്നു. എന്നാൽ, നിർത്താതെ ഓടിച്ച് പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂച്ചിക്കൽ പെട്രോൾ പമ്പിന് സമീപം പോലീസ് കാർ തടഞ്ഞിട്ടു. തുടർന്ന് കാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.
Most Read: ജോജു ക്രിമിനൽ, സ്‌ത്രീകളോട് അപമര്യാദയായി പെരുമാറി; വിമർശിച്ച് കെ സുധാകരൻ






































