മലപ്പുറം: ചുമർ ചിത്രങ്ങൾ വരച്ചും നിറങ്ങളിൽ മുങ്ങിയും വർണ്ണാഭമായി തിരൂർ റെയിൽവേ സ്‌റ്റേഷൻ. തിരൂർ സ്‌റ്റേഷന്റെ ഭംഗിയും രീതിയും രാജ്യത്തെ അറിയിച്ചിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. സ്‌റ്റേഷനിൽ പുതുതായി ഒരുക്കിയ കവാടത്തിലെ ടിക്കറ്റ് ബുക്കിങ് ഓഫിസ് കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും ചിത്രങ്ങൾ ട്വിറ്ററിലും ഫേസ്‌ബുക്കിലും പോസ്‌റ്റ് ചെയ്‌താണ് റെയിൽവേ മന്ത്രാലയം തിരൂർ സ്‌റ്റേഷന്റെ ഭംഗി രാജ്യത്തെ അറിയിച്ചത്.
സ്‌റ്റേഷനുകളുടെ വികസനവും മുഖച്‌ഛായയും റെയിൽവേ വേഗത്തിൽ മാറ്റികൊണ്ടിരിക്കുകയാണെന്ന വിവരണത്തോടെയാണ് തിരൂരിലെ ചിത്രങ്ങൾ പങ്കുവെച്ചത്. നേരത്തെ പിയൂഷ് ഗോയൽ റെയിൽവേ മന്ത്രി ആയിരുന്ന സമയത്ത് തിരൂർ സ്‌റ്റേഷനിലെ പൂന്തോട്ടങ്ങളുടെ ചിത്രങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
പാർക്കിങ് ഏരിയ, കാഴ്‌ചശക്‌തി ഇല്ലാത്തവർക്ക് നടക്കാനുള്ള പ്രത്യേക വഴി, സൗന്ദര്യവൽക്കരണം, പുതിയ ടിക്കറ്റ് ബുക്കിങ് ഓഫിസ് എന്നിവയാണ് തിരൂർ സ്‌റ്റേഷനിൽ പുതുതായി നിർമിച്ചത്. ഇതിൽ ടിക്കറ്റ് ബുക്കിങ് ഓഫിസിന്റെ കെട്ടിടത്തിന് പുറത്താണ് ചുമർചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരിക്കുന്നത്.
Most Read: പണിമുടക്കിൽ വലഞ്ഞ് പൊതുജനം; മിക്കയിടങ്ങളിലും വിരലിലെണ്ണാവുന്ന സർവീസുകൾ






































