ഓടയിൽ കുടിങ്ങിപ്പോയ നായക്കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. വെള്ളിയാഴ്‌ച ഉച്ചക്ക് 12.30ഓടെയാണ് പാലക്കാട് കൽപ്പാത്തിയിൽ ഓവുചാലിൽ ഒരു നായക്കുട്ടി കുടുങ്ങി കിടക്കുന്നതായുള്ള വിവരം പാലക്കാട് ഫയർ സ്‌റ്റേഷനിൽ അറിയുന്നത്. കൽപ്പാത്തി സ്വദേശി ഗോപാലകൃഷ്‌ണനാണ് നായക്കുട്ടി ഓടയിൽ കുടുങ്ങിയത് വിളിച്ചറിയിച്ചത്.
വിവരം അറിഞ്ഞ ഉടൻ തന്നെ സീനിയർ ഫയർ ആന്റ് സേഫ്റ്റി ഓഫിസർ ജോജി എം ജോയിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്‌ഥലത്തേക്ക് പുറപ്പെട്ടു. ഫയർ ഓഫിസർമാരായ കെഎം അശോകൻ, നവാസ് ബാബു, സജി, ശിവദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സംഭവസ്‌ഥലത്തെത്തി നടത്തിയ പരിശോധനയിൽ നായക്കുട്ടി വെള്ളം കടന്നുപോകുന്ന ഓടക്കുള്ളിൽ അൽപം ഉള്ളിലായി ഒരു കല്ലിന് മുകളിൽ കയറി നിൽക്കുകയാണെന്ന് മനസിലായി എന്ന് ഫയർ ഓഫിസർ അശോകൻ പറയുന്നു. വെള്ളത്തിൽ ഇറങ്ങാനുള്ള ഭയം കാരണം എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു നായക്കുട്ടി.
ഓടക്ക് പുറത്തു നിന്നുകൊണ്ട് തന്നെ നായക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം അഗ്‌നിരക്ഷാ സേന ഉദ്യോഗസ്‌ഥർ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇളക്കി മാറ്റാനാകുന്ന ഒരു സ്ളാബ് നീക്കിയ ശേഷം ഫയർ ഫോഴ്‌സ് ഓഫിസർ കെഎം അശോകൻ ഓടക്കുള്ളിലിറങ്ങി. ചെളിവെള്ളം കെട്ടിനിൽക്കുന്ന ചാലിൽ കിടന്നുകൊണ്ട് നായയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.
ഏകദേശം 15 മിനിറ്റ് നീണ്ട പരിശ്രമത്തിന് ശേഷം നായക്കുട്ടിയെ പരിക്കുകളൊന്നും കൂടാതെ പുറത്തെടുക്കാനായെന്നും ഫയർ ഫോഴ്‌സ് ഓഫിസർ കെഎം അശോകൻ പറഞ്ഞു. പുറത്തെടുത്ത നായക്കുട്ടി അതിന്റെ അമ്മയോടൊപ്പം പോകുന്നത് കണ്ട് സന്തേഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് ഫയർ സ്‌റ്റേഷനിലേക്ക് വിളിച്ച ഗോപാലകൃഷണന്റെയും അഗ്‌നിരക്ഷാ സേനയുടെയും കൃത്യമായ ഇടപെടലിലാണ് നായക്കുട്ടിയെ രക്ഷിക്കാൻ സാധിച്ചത്.
Most Read: കിലോക്ക് 20 ലക്ഷം! ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പഴം








































