ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്‌തമാകുന്നു. മരംമുറി ഉത്തരവ് റദ്ദാക്കണമെന്ന് പിജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഉദ്യോഗസ്‌ഥരാണ് ഉത്തരവിറക്കിയത് എന്ന വാദം വിശ്വാസയോഗ്യമല്ല. ബലപ്പെടുത്തുകയല്ല പുതിയ ഡാം ആണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി അറിയാതെയാണ് ഉദ്യോഗസ്‌ഥൻ തീരുമാനം എടുത്തതെങ്കിൽ അയാൾക്ക് സ്‌ഥാനത്ത് തുടരാൻ അർഹതയില്ല. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം, മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് തന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഓഫിസുകള്‍ അറിഞ്ഞിരുന്നില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണെന്നും അതിനാലാണ് ഉദ്യോഗസ്‌ഥരോട് വിശദീകരണം ചോദിച്ചതെന്നും മന്ത്രി അറിയിച്ചു. 11 മണിയോടെ റിപ്പോർട് സമർപ്പിക്കാൻ ഉദ്യോഗസ്‌ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി രാവിലെ വ്യക്‌തമാക്കി.
Read Also: ന്യൂനപക്ഷ കോർപറേഷൻ; ചെയർമാൻ സ്‌ഥാനത്തെ ചൊല്ലി ഐഎൻഎല്ലിൽ തർക്കം







































