അബുദാബി: വരും ദിവസങ്ങളിൽ യുഎഇയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില വടക്ക് കിഴക്കൻ പ്രദേശങ്ങളിലാണ് മഴ ശക്തമാകാൻ സാധ്യതയുള്ളത്. കൂടാതെ സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായി മഴയുള്ള ദിവസങ്ങളിലും, അസ്ഥിര കാലാവസ്ഥയിലും താഴ്വാരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വാരാന്ത്യത്തിൽ മഴയെ തുടർന്ന് ഒരാൾ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കർശന നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. മോശം കാലാവസ്ഥയിൽ അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പ്രതികൂല കാലാവസ്ഥയിൽ അത്യാവശ്യമല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിൽ റാസൽഖൈമയിലും, ഫുജൈറയിലും ഉൾപ്പടെ കഴിഞ്ഞ ദിവസം കനത്ത മഴ ലഭിക്കുകയും ആലിപ്പഴ വീഴ്ച ഉണ്ടാകുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും താപനില കുറഞ്ഞ് കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, മൂടൽമഞ്ഞ് രൂക്ഷമാകാൻ ഇടയുള്ളതിനാൽ വാഹനമോടിക്കുന്ന ആളുകൾ കർശന ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Read also: തെൻമല ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു




































