മലപ്പുറം: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ കളക്‌ടർ അനുമതി നൽകി. നിബന്ധനകളോടെയാണ് കളക്‌ടർ പ്രവേശനാനുമതി പ്രഖ്യാപിച്ചത്. ഓറഞ്ച്, റെഡ് അലർട്ടുകൾ ജില്ലയിൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഇളവുകൾ ഉണ്ടാകില്ലെന്നാണ് നിബന്ധനകളിൽ ഒന്ന്. നിലവിൽ മലപ്പുറത്ത് 11 വരെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ സാഹചര്യത്തിൽ കോട്ടക്കുന്ന് അടക്കം നിരോധനം ഉള്ള കേന്ദ്രങ്ങളൊന്നും അടുത്ത ദിവസങ്ങളിൽ തുറക്കില്ല.
ദുരന്ത സാധ്യതാ മേഖലകളിൽ ഉൾപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമാണ് പ്രവർത്തനാനുമതി ഉള്ളത്. മഴ മാറിയാൽ മാത്രമേ ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കാൻ കഴിയുകയുള്ളുവെന്ന് കളക്‌ടർ അറിയിച്ചു.
അലർട്ടുകൾ പിൻവലിച്ചതിനെ ശേഷമേ ഈ കാര്യങ്ങളിൽ തീരുമാനം എടുക്കുകയുള്ളൂ. അതേസമയം, ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർ എത്തിയിരുന്നു. എന്നാൽ, പ്രവേശനാനുമതി ഇല്ലാതെ നിരാശരായാണ് പലരും മടങ്ങിയത്. നിലവിൽ കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് പോലുള്ള ചില കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
Most Read: വീണ്ടും കോടിയേരി; സംസ്‌ഥാന സെക്രട്ടറിയായി നാളെ ചുമതലയേറ്റേക്കും





































