മലപ്പുറം: എല്ലാ നിയമങ്ങളും പാലിച്ച് റോഡിൽ വണ്ടി ഓടിക്കുന്നവരെ പ്രോൽസാഹിപ്പിക്കുന്നതിന് വ്യത്യസ്‌ത പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങൾ പാലിച്ച് വണ്ടി ഓടിക്കുന്നവരെ അഭിനന്ദിക്കുന്നതിന് ഒപ്പം അവർക്ക് പെട്രോൾ അടിക്കാൻ 300 രൂപ കൂടി നൽകുന്നതാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പദ്ധതി.
ഗതാഗതനിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ പിഴയീടാക്കുന്ന വകുപ്പിന്റെ വേറിട്ട മുഖമാണ് യാത്രക്കാർ കഴിഞ്ഞ ദിവസം കണ്ടത്. എല്ലാ നിയമങ്ങളും അനുസരിച്ച് വണ്ടിയോടിക്കുന്നവരെ കണ്ടുപിടിച്ച് 300 രൂപയുടെ സൗജന്യ കൂപ്പണുകൾ നൽകി. കിഴക്കേത്തലയിലെ ഹൈവേയിലായിരുന്നു വ്യാഴാഴ്‌ച പരിശോധന. അടുത്ത ദിവസങ്ങളിൽ തന്നെ ജില്ലയിലെ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് കൂടുതൽ പരിഗണന നൽകുമെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു. കോവിഡ് കാരണം ഓട്ടംകുറഞ്ഞ സാഹചര്യത്തിൽ ഈ സൗജന്യ കൂപ്പൺ ഏറെ സഹായമായെന്ന് കൂപ്പൺ ലഭിച്ച ഓട്ടോറിക്ഷാ ഡ്രൈവർ പ്രതികരിച്ചു.
ആദ്യഘട്ടത്തിൽ 500 സൗജന്യ കൂപ്പണുകൾ നൽകാനാണ് തീരുമാനം. വൈകാതെ അത് ആയിരമാക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, മലപ്പുറത്തെ എഎം മോട്ടോർസ് എന്നിവരുമായി സഹകരിച്ചാണ് മോട്ടോർ വാഹന വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.
സുരക്ഷാ ബോധവൽകരണ പരിപാടിയുടെ ഭാഗമായി വ്യത്യസ്‌തമായ ആശയങ്ങൾ ഇതിനുമുമ്പും മോട്ടോർവാഹന വകുപ്പ് നടത്തിയിട്ടുണ്ട്. സൗജന്യ ഹെൽമെറ്റ് വിതരണം വൻ വിജയമായിരുന്നു. കോവിഡ് കാലത്ത് ആയിരം പെരുന്നാൾക്കിറ്റുകളാണ് വിതരണം ചെയ്‌തത്. ഓണക്കിറ്റുകളും പലയിടങ്ങളിലും വിതരണം ചെയ്‌തു.
എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെകെ സുരേഷ് കുമാറിന്റെ മേൽനോട്ടത്തിൽ എംവിഐമാരായ ഡാനിയൽ ബേബി, സജി തോമസ്, എഎംവിഐമാരായ ഷൂജ മാട്ടട, സയ്യിദ് മഹമൂദ്, എബിൻ ചാക്കോ, പികെ മനോഹരൻ തുടങ്ങിയ ഉദ്യോഗസ്‌ഥരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. എഎം മോട്ടോർസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ കെ രാജേന്ദ്രൻ, ജനറൽ മാനേജർ ദീപക്, പ്രതിനിധി മുഹമ്മദ് ഫാസിൽ എന്നിവരും പങ്കെടുത്തു.
Most Read: കവളപ്പാറയിൽ 14 സ്വപ്‌ന ഭവനങ്ങളുടെ സമർപ്പണം; പണിതത് ‘കേരള മുസ്‌ലിം ജമാഅത്ത്’ നേതൃത്വം





































