വയനാട്: കാട്ടിൽനിന്ന് വെട്ടിക്കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി വയനാട്-മലപ്പുറം സ്വദേശികളായ മൂന്നു പേർ പിടിയിൽ. മലപ്പുറം പുല്ലാറ സ്വദേശികളായ കുന്നുമ്മൽ മുഹമ്മദ് അക്‌ബർ (30), മോയിക്കൽ വീട്ടിൽ അബൂബക്കർ (30), വയനാട് ചുണ്ടേൽ ആനപ്പാറ പൂകുന്നത്ത് വീട്ടിൽ ഫർഷാദ് (28) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പിടികൂടിയത്.
മേപ്പാടി റെയ്‌ഞ്ചർ ഡി ഹരിലാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥരാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പ്രതികൾ ചന്ദനം കടത്താൻ ഉപയോഗിച്ച കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ആനപ്പാറ വനത്തിൽനിന്നാണ് പ്രതികൾ ചന്ദനം മുറിച്ചതെന്നു കരുതുന്നു.
കാറിൽ ചന്ദനവുമായി മലപ്പുറത്തേക്ക് കടക്കുന്നതിനിടെ ശനിയാഴ്‌ച പുലർച്ചെ ചുണ്ടേലിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഒരു ചന്ദനമരത്തിന്റെ അഞ്ചു കഷ്‌ണങ്ങളാണ് കാറിന്റെ ഡിക്കിയിൽനിന്ന് പിടികൂടിയത്.
മേപ്പാടി റെയ്ഞ്ചിനു കീഴിൽ ചന്ദനമരമുള്ള പ്രദേശങ്ങളിലെല്ലാം വനംവകുപ്പ് രാത്രികാല പട്രോളിങ് ശക്‌തമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികളെ പിടികൂടുന്നത്. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്‌ഥരെ ഇടിച്ചു തെറിപ്പിക്കാനും പ്രതികൾ ശ്രമിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.
Most Read: സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച; മുഖ്യ പ്രതികൾ അറസ്‌റ്റിൽ







































