മലപ്പുറം: ഷൊർണൂർ-കോഴിക്കോട് റെയിൽവേ പാതയിൽ ട്രാക്ക് ഡീപ് സ്ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു. ഷൊർണൂർ മുതൽ തിരൂർ വരെയാണ് ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ജോലികൾ പുരോഗമിക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജോലികൾ പുരോഗമിക്കുന്ന ഭാഗങ്ങളിൽ ട്രെയിനുകളുടെ വേഗത കുറച്ചിട്ടുണ്ട്. കൂടാതെ, മംഗളൂരു-ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിടുന്നുണ്ട്. ട്രാക്കിന് അടിയിലെ 25 എംഎമ്മിനും 80 എംഎമ്മിനും ഇടയിലുള്ള കല്ലുകൾ ശുചീകരിച്ച് പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതിനായി മൂന്ന് പ്രത്യേക മെഷീനുകളാണ് പ്രവർത്തിക്കുന്നത്. കുറ്റിപ്പുറത്തിനും തിരുനാവായക്കും ഇടയിലാണ് ജോലികൾ പുരോഗമിക്കുന്നത്.
ഒരു ദിവസം 400 മീറ്റർ ദൂരത്തിലാണ് ജോലികൾ നടക്കുന്നത്. ഈ സമയത്ത് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെക്കും. രാവിലെ കണ്ണൂർ പാസഞ്ചർ കടന്നുപോയതിന് ശേഷമാണ് ജോലികൾ ആരംഭിക്കുക. ഇതിന് ശേഷം വരുന്ന ഏറനാട് എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസുമാണ് പിടിച്ചിടുന്നത്. ഇതിൽ ജനശതാബ്ദി വേഗത്തിൽ കടത്തിവിടുന്നുണ്ടെങ്കിലും ഏറനാട് ഒരുമണിക്കൂറോളം സമയം നിർത്തിയിടും. കുറ്റിപ്പുറം മുതൽ തിരൂർ വരെയുള്ള ജോലികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും.
Most Read: കൽപ്പാത്തി രഥോൽസവത്തിന് കർശന നിയന്ത്രണങ്ങളോടെ തുടക്കം





































