വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി മനുഷ്യാവകാശ പ്രവർത്തകർ. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. എന്നാൽ, കൂലിവേലകൾ ചെയ്യുന്ന ദീപുവിന് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലെന്നും യുവാവിനെതിരെ പോലീസ് മനഃപൂർവം കേസ് കെട്ടിച്ചമച്ചതാണെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു.
ഇതേ തുടർന്ന് നാളെ ദീപുവിന്റെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും കളക്‌ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ആദിവാസി വനിതാ പ്രസ്‌ഥാനം നേതാവ് കെ അമ്മിണി പറഞ്ഞു. പോലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ആദിവാസി സംഘടനകളിൽ നിന്നും ഉയരുന്നത്. ഡ്രൈവിങ് വശമില്ലാത്ത ദീപുവിനെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് ബന്ധുക്കൾ കളക്‌ടർക്കും പരാതി നൽകിയിരുന്നു. കാർ മോഷണക്കുറ്റത്തിന് പുറമെ മീനങ്ങാടി അപ്പാട്ടെ വീട്ടിൽ നടന്ന മോഷണ ശ്രമവും പോലീസ് ദീപുവിന്റെ പേരിൽ ചുമത്തിയതായും ബന്ധുക്കൾ ആരോപിച്ചു.
ഈ മാസം നാലിനാണ് പണിയ കോളനിയിലെ ദീപുവിനെ (22) കാർ മോഷ്‌ടിച്ചെന്ന് ആരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ബത്തേരി ടൗണിൽ നിർത്തിയിട്ട കാർ മോഷ്‌ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ദീപു അറസ്‌റ്റിലായതെന്ന് പോലീസ് പറയുന്നു. കൂടാതെ, അപ്പാട്ടെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് വിരലടയാള വിദഗ്‌ധർ നടത്തിയ പരിശോധനയിൽ ദീപുവിന്റെ വിരലടയാളം കണ്ടെത്തിയിട്ടുണ്ടെന്നും വീട്ടിൽ നിന്നും മോഷണത്തിന് ശേഷം ദീപു ബാഗുമായി പോകുന്നത് കണ്ട സാക്ഷികൾ ഉണ്ടെന്നും പോലീസ് പറയുന്നു.
Most Read: മഴയിൽ മുങ്ങി കുട്ടനാട്; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി








































