വയനാട്: ലക്കിടിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ റിമാൻഡിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപു (23), സുഹൃത്ത് കിഴക്കേതിൽ ജിഷ്ണു (21) എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇരുവർക്കുമെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാട് ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിക്കാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് സംഭവം. തെളിവെടുപ്പിന് ശേഷമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
സംഭവം നടന്ന ലക്കിടി കോളേജ് പരിസരത്തെ ദേശീയപാതക്കരികിൽ ഇന്ന് 12 മണിയോടെ വൈത്തിരി എസ്എച്ച്ഒ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് കൃത്യം ചെയ്യാനുപയോഗിച്ച കത്തിയും കണ്ടെടുത്തു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ആക്രമണത്തിന് ഇരയായ പെൺകുട്ടിയുമായി മൂന്നരവർഷമായി പ്രണയത്തിൽ ആയിരുന്നുവെന്നും വിവാഹാഭ്യർഥന നിരസിച്ചതിനാലും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലുമാണ് ആക്രമിച്ചതെന്നും പ്രതിയായ ദീപു പോലീസിനോട് പറഞ്ഞു.
അതേസമയം, ദീപുവായി സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളുവെന്ന് ഇരയായ പെൺകുട്ടി പോലീസിൽ മൊഴി നൽകി. വിദ്യാർഥിനി നിലവിൽ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. അടിവാരത്ത് നിന്നാണ് പ്രതികൾ കത്തി വാങ്ങിയത്. സംഭവത്തിന് ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച ദീപുവിനെ തൊട്ടടുത്ത വയലിൽ വെച്ചാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന ജിഷ്ണു ബൈക്കിൽ രക്ഷപ്പെട്ടെങ്കിലും അടിവാരത്ത് നിന്ന് പോലീസ് പിടികൂടി. ജിഷ്ണുവിന് ഗൂഢാലോചന അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Most Read: അനുപമയെ തെരുവിലേക്ക് ഇറക്കിയത് ഭരണകൂടം; വിമർശിച്ച് കെകെ രമ







































