പേരാമ്പ്ര: വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം സ്വീകരിക്കുന്ന പേരാമ്പ്ര സികെജി കോളജ് പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കാൻ യൂണിവേഴ്‌സിറ്റി അധികാരികൾ തയ്യാറാകാത്ത പക്ഷം ശക്‌തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് എംഎസ്‌എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ.
നിലവിൽ 328 സീറ്റുകൾ ഉള്ളതിൽ കൂടുതലായി 117 സീറ്റുകൾ അനുവദിച്ചിട്ടും അടിസ്‌ഥാന സൗകര്യങ്ങളില്ല എന്ന കാരണം പറഞ്ഞ് വിദ്യാർഥികളുടെ ഭാവിതന്നെ ഇല്ലാതാക്കുന്ന സമീപനമാണ് പ്രിൻസിപ്പൽ സ്വീകരിക്കുന്നതെന്ന് ലത്തീഫ് തുറയൂർ ആരോപിച്ചു. ഉയർന്ന മാർക്ക് നേടിയ നിരവധി വിദ്യാർഥികളാണ് സ്‌ഥാപന മേധാവിയുടെ പിടിവാശി കാരണം പുറത്താകുന്നത്. ഇതു കാരണം ലക്ഷങ്ങൾ കൊടുത്ത് വിദ്യാർഥികൾ മറ്റ് കോളജുകളിൽ സീറ്റ് വാങ്ങിക്കേണ്ട ഗതികേടിലാണ്.
അൺഎയ്‌ഡഡ് മേഖലയെ സംരക്ഷിക്കുന്ന പ്രിൻസിപ്പൽ സ്വയം തിരുത്താൻ തയാറാകണം. എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സികെജി കോളജിൽ നടത്തിയ പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിൽഷാദ് കുന്നിക്കൽ അധ്യക്ഷത വഹിച്ചു. അജ്‌നാസ് കാരയിൽ, റാസിൽ തറമ്മൽ, സൽമാൻ വാളൂർ, അൻസിൽ കീഴരിയൂർ, ഫർഹാൻ ആവള, ആസിഫ് മുയിപ്പോത്ത്, എംകെ ഫസലു റഹ്‌മാൻ മേപ്പയൂർ എന്നിവർ പ്രസംഗിച്ചു.
Also Read: സിനിമ നാടിന് അപമാനം, യഥാർഥ ‘ചുരുളി’ പോരാട്ടങ്ങളുടെ നാട്; പരാതി




































