മംഗളൂരു: ഹോസ്‌റ്റൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഭയന്ന ഗുജ്‌ജരക്കരെ നിവാസികൾ പ്രതിഷേധവുമായി രംഗത്ത്. വാർഡ് കൗൺസിലർ പിഎസ് ഭാനുമതിയുടെ നേതൃത്വത്തിൽ നൂറോളം പേരാണ് വെള്ളിയാഴ്‌ച രാവിലെ ഹോസ്‌റ്റൽ കവാടത്തിനരികെ പ്രതിഷേധവുമായി എത്തിയത്. ഹോസ്‌റ്റൽ ഒഴിപ്പിക്കാതെ ഇവിടെ ജീവിക്കാനാകില്ലെന്നാണ് പ്രതിഷേധകർ പറയുന്നത്.
വ്യാഴാഴ്‌ച രാത്രി നടന്ന സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാറിനോടാണ് പ്രദേശവാസികൾ ഹോസ്‌റ്റൽ വിദ്യാർഥികൾക്കെതിരെ പരാതിപ്പെട്ടത്. ഹോസ്‌റ്റൽ പ്രവർത്തിക്കുന്നതിനാൽ തങ്ങളുടെ സ്വൈരജീവിതം ഇല്ലാതായിരിക്കുകയാണെന്ന് അവർ കമ്മീഷണറോട് പറഞ്ഞു.
അപകടകരമാംവിധം ബൈക്കോടിക്കൽ, രാത്രിയിലെ അട്ടഹാസം, അർധനഗ്‌നരായി ബാൽക്കണിയിൽ പ്രത്യക്ഷപ്പെടൽ, അടുത്ത വീടുകളിലേക്ക് പടക്കംകത്തിച്ചിടൽ, പ്രദേശത്തെ പെൺകുട്ടികളോട് മോശമായി പെരുമാറൽ എന്നിവയൊക്കെയാണ് ഗുജ്‌ജരക്കരെയിലെ ഹോസ്‌റ്റലിലെ ആൺകുട്ടികളുടെ വിനോദമെന്ന് പ്രദേശവാസികൾ പറയുന്നു.
കമ്മീഷണർ പ്രദേശവാസികളുമായും യേനപ്പോയ ആർട്‌സ് സയൻസ് കൊമേഴ്‌സ്, മാനേജ്‌മെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ. പർവതവർധിനിയുമായും പ്രശ്‌നം ചർച്ച ചെയ്‌തു. റോഡരികിൽ രണ്ടുമണിക്കൂറോളം ചർച്ച നീണ്ടു. ഹോസ്‌റ്റൽ ഒരാഴ്‌ചയ്‌ക്കകം ഒഴിപ്പിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രദേശവാസികൾ പിരിഞ്ഞുപോയത്.
Also Read: സന്ദീപ് വധക്കേസ്; പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്‌ഐആർ






































