കാഞ്ഞങ്ങാട്: ചട്ടം ലംഘിച്ച് കരാറുകാർക്ക് അധികമായി നൽകിയ തുക ഉടൻ തിരിച്ചുപിടിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ. കാസർഗോഡ് റോഡ് ഡിവിഷനിൽ ബിറ്റുമിൻ വാങ്ങിച്ച വകയിലാണ് കരാറുകാർക്ക് അധികമായി തുക നൽകിയത്. ചട്ടം ലംഘിച്ച് കൊടുത്ത ഒന്നരക്കോടിയോളം രൂപ മൂന്ന് മാസമായിട്ടും കരാറുകരിൽ നിന്ന് തിരിച്ചു പിടിച്ചിരുന്നില്ല. എന്നാൽ, കരാറുകാരുടെ അടുത്ത ബില്ലിൽ നിന്ന് തന്നെ തുക ഈടാക്കുമെന്നാണ് എക്‌സിക്യൂട്ടീവ് എൻജിനിയർ കെപി വിനോദ് കുമാർ പറയുന്നത്.
ആറ് പ്രവൃത്തികളിലായി നാല് കരാറുകാരാണ് ഒന്നരക്കോടിയോളം രൂപ അധികമായി കൈപ്പറ്റിയത്. ടാറിങ്ങിന് ഉപയോഗിക്കുന്ന ബിറ്റുമിൻ വാങ്ങിയ വില മാത്രമേ നൽകാൻ പാടുള്ളുവെന്നാണ് ചട്ടം. എന്നാൽ, കരാറുകാർ ടെൻഡറിൽ രേഖപ്പെടുത്തിയ ഉയർന്ന തുക തന്നെ അക്കൗണ്ട്സ് ഓഫിസർ അനുവദിച്ച് നൽകുകയായിരുന്നു. കോഴിക്കോട് സൂപ്രണ്ടിങ് എൻജിനിയർ പിന്നീട് നടത്തിയ അന്വേഷണത്തിലും ഇത് തെറ്റെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ, മൂന്ന് മാസം കഴിഞ്ഞിട്ടും തുക തിരിച്ചുപിടിക്കാൻ നടപടിയുണ്ടായില്ല. ആറ് പ്രവൃത്തികളിലും നൽകിയ അധിക തുക തിരിച്ചുപിടിക്കാൻ പ്രത്യേകം ഉത്തരവിറക്കി. ഓരോരുത്തരിൽ നിന്നും വാങ്ങേണ്ട തുകയും രേഖപെടുത്തിയിട്ടുണ്ട്. അക്കൗണ്ട്സ് ഓഫിസർ അടുത്ത ബില്ലിൽ നിന്ന് തുക തിരിച്ചുപിടിച്ചില്ലെങ്കിൽ ഗുരുതര കൃത്യവിലോപമായി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു.
Most Read: ‘വിവാഹ പ്രായം ഉയർത്താനുള്ള നടപടി ദുരൂഹം’; കോടിയേരി ബാലകൃഷ്‌ണൻ






































