മലപ്പുറം: സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ വ്യാജ കേസ് ചമച്ചത്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതിനും ചാറ്റ് ചെയ്യുന്നതിനും സഹോദരൻ വിലക്കിയിരുന്നു. ഇതിൽ പ്രകോപിതയായാണ് പെൺകുട്ടി സഹോദരനെതിരെ പരാതി കൊടുത്തത്.
സഹോദരൻ പലവട്ടം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് പെൺകുട്ടി ചൈൽഡ് ലൈൻ മുഖേന പരാതി നൽകിയത്. ഇവർ ഈ കേസ് പോലീസിന് കൈമാറി. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെയും തിരൂർ ഡിവൈഎസ്പിയുടെയും നേതൃത്വത്തിൽ ചങ്ങരംകുളം പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കേസ് എടുക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.
എന്നാൽ, പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം തോന്നിയ ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ ക്ളിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധന നടത്തി. പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് മനഃശാസ്ത്ര കൗൺസലിങ് നടത്തിയതോടെയാണ് പീഡനം നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായത്.
Most Read: നിയമനം ചട്ടവിരുദ്ധം; കണ്ണൂർ സർവകലാശാലക്ക് എതിരെ ഗവർണർ ഹൈക്കോടതിയിൽ







































