കണ്ണൂർ: മട്ടന്നൂരിൽ രണ്ട് മാസം പ്രായമായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവത്തിൽ ഡോക്‌ടർക്കെതിരെ കേസ്. ആശ്രയ ഹോസ്‌പിറ്റലിലെ ഡോ. സുധീറിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. നിലവിൽ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ആശ്രയ ഹോസ്‌പിറ്റലിൽ നിന്ന് അതുല്യ രണ്ട് മാസം പ്രായമായ മകൾക്ക് കുത്തിവെപ്പ് എടുത്തത്. നാലായിരം രൂപയുടെ അഞ്ച് കുത്തിവെപ്പ് ഒരുമിച്ചു എടുക്കുകയായിരുന്നു.
വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഹോസ്‌പിറ്റലിൽ നിന്ന് കിട്ടിയ കടലാസുകൾ പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ മരുന്നാണ് കുത്തിവെച്ചതെന്ന് മനസിലായത്. തുടർന്ന് പരാതിയുമായി ആശുപത്രിയിൽ എത്തിയെങ്കിലും ജീവനക്കാരിക്ക് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് കാര്യമാക്കാതെ തിരിച്ചയക്കുകയായിരുന്നു. തുടർന്ന് കുടുംബം മട്ടന്നൂർ പോലീസിൽ പരാതി നൽകി. പോലീസ് ഡോ.സുധീരനെതിരെ കേസെടുത്തു.
എന്നാൽ, ഹോസ്‌പിറ്റലിലെ ഒരു ജീവനക്കാരിക്ക് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയാണ് ഡോക്‌ടർ ചെയ്യുന്നത്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ഡ്രഗ് കൺട്രോൾ ഓഫിസർ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. കാലാവധി കഴിഞ്ഞ ഒമ്പത് ഇനം മരുന്നുകൾ ആശുപത്രിയിൽ നിന്ന് കണ്ടെത്തിയിരുന്നു. കമ്പനിക്ക് തിരിച്ച് നൽകാനായി എടുത്തുവെച്ച മരുന്നുകളെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം.
Most Read: ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; യുഎപിഎ ചുമത്താന്‍ പറ്റില്ലെന്ന് പോലീസ്








































