മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നിൽ ഭർതൃ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. ഭർത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്നും വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് യുവതി പോലീസിൽ പരാതി നൽകി. ഭർത്താവിന് മറ്റൊരു വിവാഹം കൂടി കഴിക്കാനാണ് തന്നെ വീട്ടിൽ നിന്നും അടിച്ചിറക്കിയതെന്ന് മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ യുവതി പരാതിയിൽ പറയുന്നു.
കൂട്ടുമൂച്ചിലെ ഇഷാന ഫാത്തിമയാണ് ഭർത്താവ് കുന്നുംപുറം സ്വദേശി അഹമ്മദ് ഫൈസലിനും, ഭർതൃ മാതാവ് സുബൈദക്കുമെതിരെ തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയത്. 12 വർഷം മുമ്പാണ് ഇഷാനയും ഫൈസലും വിവാഹിതരായത്. ഇവർക്ക് രണ്ട് പെൺകുട്ടികളുമുണ്ട്. കുട്ടികളെയും തന്നെയും ഭർത്താവ് വീട്ടിൽ നിന്ന് മർദ്ദിച്ച് പുറത്താക്കിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
വിവാഹസമയത്ത് ഇഷാനക്ക് നൽകിയ നൂറു പവനോളം വരുന്ന സ്വർണത്തിൽ നിന്ന് ഒരു വിഹിതമെടുത്താണ് ഇവർ വീട് നിർമിച്ചത്. കൂടാതെ ഇഷാനയുടെ പിതാവ് ഏഴ് ലക്ഷത്തോളം രൂപയുടെ ഫർണിച്ചറുകളും വീട്ടിലേക്ക് വാങ്ങിച്ചു നൽകിയിരുന്നു. ബാക്കി സ്വർണാഭരണങ്ങൾ ഭർത്താവ് കൈവശം വെച്ചിരിക്കുകയാണെന്നാണ് യുവതി ആരോപിക്കുന്നത്.
വസ്‌ത്രങ്ങളോ കുട്ടികളുടെ പുസ്‌തകങ്ങളോ വീട്ടിൽ നിന്ന് എടുക്കാൻ പോലും ഭർത്താവ് അനുവദിക്കുന്നില്ലെന്നും ഇഷാന പരാതിപ്പെട്ടു. അതേസമയം, ഇഷാന ഫാത്തിമയെ മർദ്ദിച്ചില്ലെന്നും ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പോവുകയാണ് ചെയ്‌തതെന്നും അഹമ്മദ് ഫൈസൽ വ്യക്‌തമാക്കി. പോലീസിൽ പരാതി കൊടുത്തും, മാദ്ധ്യമങ്ങളിൽ വാർത്ത കൊടുത്തും ഇഷാനയുടെ കുടുംബം തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ഫൈസൽ ആരോപിച്ചു.
Most Read: രഞ്‌ജിത്ത് കൊലക്കേസ്; ഒരാൾ പിടിയിലെന്ന് സൂചന








































