കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ ഫലത്തിൽ പിഴവെന്ന പരാതിയുമായി വീട്ടമ്മ. കോഴിക്കോട് പാവങ്ങാട് സ്വദേശി നീനയാണ് വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നീന വെള്ളിയാഴ്‌ച ദുബൈയിലേക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. ആർടിപിസിആർ പരിശോധന അടക്കം നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയാണ് വിമാനത്താവളത്തിൽ എത്തിയത്.
രണ്ട് ഡോസ് വാക്‌സിനും നേരത്തെ എടുത്തതാണ്. എന്നാൽ, വിമാനത്താവളത്തിൽ വെച്ച് സ്വകാര്യ ലാബ് നടത്തിയ ആർടിപിസിആർ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് ഫലം വന്നു. തനിക്ക് യാതൊരു രോഗമില്ലെന്നും രണ്ടാമതും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ലാബ് അധികൃതർ തയ്യാറായില്ല. ഇതോടെ വീട്ടമ്മയുടെ യാത്ര മുടങ്ങി. കൂടാതെ വിസയും ടിക്കറ്റുമടക്കം അരലക്ഷത്തിലധികം രൂപയുടെ നഷ്‌ടം ഉണ്ടായെന്നും എയർപോർട്ടിൽ നിന്ന് അപമാനം സഹിക്കേണ്ടി വന്നെന്നുമാണ് നീനയുടെ പരാതി.
അതേസമയം, യുവതി തിരിച്ച് നാട്ടിലെത്തി ഇതേ ലാബിന്റെ തൊണ്ടയാട് ബ്രാഞ്ചിലെത്തി റാപ്പിഡ് ആർടിപിസിആർ പരിശോധന നടത്തി. ഇതിൽ ഫലം നെഗറ്റീവ് ആവുകയും ചെയ്‌തു. ഇതോടെ വിമാനത്താവളത്തിലെ തെറ്റായ പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ വ്യോമയാന മന്ത്രാലയത്തിന് നീന പരാതി നൽകിയിരിക്കുകയാണ്. അതേസമയം, ശരീരത്തിലെ വൈറസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് മണിക്കൂറുകളുടെ ഇടവേളകളിൽ വ്യത്യസ്‌ത ഫലം ലഭിക്കാറുണ്ടെന്നും, തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച അല്ലെന്നുമാണ് ലാബ് അധികൃതരുടെ വിശദീകരണം.
Most Read: ഓട്ടോ-ടാക്‌സി തൊഴിലാളികൾ പണിമുടക്കിലേക്ക്; ഡിസംബർ 30തിന്







































