ആലപ്പുഴ: ബിജെപി പ്രവർത്തകൻ രഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്‌ഡിപിഐ പ്രവർത്തകരുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി. പോലീസ് കസ്‌റ്റഡിയിലായിരുന്ന ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. ഇവരുടെ കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ അനൂപ് അഷ്റഫിനെ ബംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്. രഞ്‌ജിത്ത് കൊലക്കേസിൽ സംസ്‌ഥാനത്തിന് പുറത്തു നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളായ അനൂപ് അഷ്റഫിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബൈക്കിലെത്തിയ 12 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണിത്.
അന്വേഷണസംഘം ഇതര സംസ്‌ഥാനങ്ങളിലെ എസ്‌ഡിപിഐ ശക്‌തി കേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്. 12 അംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്‌തമായിരുന്നു.
അതേസമയം, എസ്‌ഡിപിഐ നേതാവ് ഷാൻ കൊല്ലപ്പെട്ട കേസിൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് നേതാക്കളെ വൈകാതെ പിടികൂടിയേക്കും. ഇവർക്ക് ഒളിത്താവളമൊരുക്കിയ ആലുവ ജില്ലാ പ്രചാരക് അനീഷിനെ ഇന്നലെ പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read: വയോധികനെ കൊന്നു ചാക്കില്‍ കെട്ടിയ നിലയില്‍; രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി








































