കണ്ണൂർ: മാവോയിസ്റ്റ് കബനീദളം നേതാവ് സാവിത്രി എന്ന രജിതയെ (33) അമ്പായത്തോട്, അടയ്ക്കാത്തോട്, രാമച്ചി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പേരാവൂർ ഡിവൈഎസ്പി എവി ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. അമ്പായത്തോടിൽ രണ്ടാമത് നടത്തിയ സായുധ പ്രകടനം, രാമച്ചിയിൽ രണ്ടുതവണ വീടുകളിലെത്തി എന്നിങ്ങനെയുള്ള മൂന്ന് കേസുകളിലാണ് സാവിത്രിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അമ്പായത്തോടിൽ എത്തിച്ചത്. താഴെ പാൽചുരം റോഡിലായിരുന്നു ആദ്യ തെളിവെടുപ്പ് നടത്തിയത്. സായുധ പ്രകടനത്തിനായി ഇവർ വന്ന വഴി, പോസ്റ്റർ പതിച്ച സ്ഥലങ്ങൾ, സായുധ പ്രകടനം നടത്തിയ ടൗൺ എന്നിവിടങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. അമ്പായത്തോട് സായുധ പ്രകടനം നടത്തിയ സംഘത്തിൽ സാവിത്രിയെ കണ്ട പ്രദേശവാസിയെ വിളിച്ചു വരുത്തിയും പോലീസ് തെളിവുകൾ ശേഖരിച്ചു.
തുടർന്ന് രാമച്ചിയിലെ രണ്ട് വീടുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത പോലീസ് സംഘത്തിന്റെ സുരക്ഷയിലായിരുന്നു തെളിവെടുപ്പ് പൂർത്തിയാക്കിയത്. ജനുവരി ഒന്നുവരെയാണ് പേരാവൂർ പോലീസിന്റെ കസ്റ്റഡി കാലാവധി. നവംബർ പത്തിനാണ് സുൽത്താൻബത്തേരി ഗുണ്ടൽപേട്ടയിലെ മധൂർ വനംവകുപ്പ് ചെക്ക്പോസ്റ്റിനടുത്ത് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം ബിജി കൃഷ്ണമൂർത്തിയും സാവിത്രിയും എസ്ഐടിയുടെ പിടിയിലായത്.
Most Read: കിഴക്കമ്പലം സംഘർഷം; നാല് പ്രതികളെ കസ്റ്റഡിയിൽ വിട്ടു







































