മലപ്പുറം: ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക് സംസ്‌ഥാനം നിയന്ത്രണം ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിൽ മലപ്പുറത്തും പോലീസ് നടപടികൾ കർശനമാക്കി. പുതുവൽസര ആഘോഷങ്ങൾ അതിരുവിടാതിരിക്കാനാണ് പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നത്. ഒമൈക്രോൺ മുൻകരുതലിന്റെ ഭാഗമായി സർക്കാർ ഇന്നലെ മുതൽ തന്നെ സംസ്‌ഥാനത്ത് രാത്രി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
സൈലൻസറുകൾ മാറ്റി വലിയ ശബ്‌ദത്തോടെ റോഡിലിറക്കുന്ന ബൈക്കുകളും കാറുകളുമെല്ലാം പോലീസ് പിടികൂടും. മദ്യപിച്ച് വാഹനവുമായി വരുന്നവരും കുടുങ്ങും. ഇതിനായി തിരൂർ സബ് ഡിവിഷന്റെ കീഴിലുള്ള എല്ലാ പോലീസ് സ്‌റ്റേഷൻ പരിധിയിലും മുപ്പതോളം ഉദ്യോഗസ്‌ഥർ രാത്രി പട്രോളിങ് നടത്തും. ജില്ലയിലെ പ്രധാന കവലകളിലെല്ലാം ബാരിക്കേഡ് കെട്ടി പരിശോധനയും നടത്തും.
അത്യാവശ്യക്കാർ സത്യവാങ്മൂലം കൈയിൽ കരുതണം. ശബരിമല, ശിവഗിരി തീർഥാടകർക്ക് ഇളവുണ്ട്. ഇന്ന് രാത്രി ഹോട്ടലുകൾ, ക്ളബുകൾ, ടർഫ് മൈതാനങ്ങൾ എന്നിവയെല്ലാം നേരത്തെ അടക്കണം. ബീച്ചുകളിലും ആളുകളെ നേരത്തെ ഒഴിപ്പിക്കണം. തീരദേശ നഗരങ്ങളിലും പ്രത്യേക പരിശോധന ഉണ്ടായിരിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തിരൂർ ഡിവൈഎസ്‌പി പിവി ബെന്നി അറിയിച്ചു.
Most Read: പുതുവൽസര ആഘോഷം; ഇന്ന് കർശന പരിശോധന നടത്തുമെന്ന് പോലീസ്